
താമരശേരിയിൽ ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുക്കൾ, ചിത്രങ്ങൾ പുറത്ത്
കോഴിക്കോട്: രാസലഹരിയിൽ കാൻസർ ബാധിതയായ ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഇന്ന് ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുക്കൾ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. താമരശ്ശേരി അടിവാരം സ്വദേശി സുബൈദയെ മകൻ ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് ഇന്നും നാട്. പണം നൽകാത്തത്തിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറഞ്ഞത്. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞത്. രണ്ട് ദിവസം ആഷിഖ് വീട്ടിൽ എത്താതിരുന്നതോടെ എവിടെ പോയിരുന്നെന്ന് ചോദിച്ച അമ്മയോട് തനിക്ക് പൈസ വേണം എന്നായിരുന്നു ആഷിഖിന്റെ മറുപടി.
പിന്നീടുണ്ടായ തർക്കത്തിനൊടുവിലാണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്. ആഷിഖിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ പിതാവ് വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞു. പിന്നീട് കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളർത്തിയത്. ലഹരി ഉപയോഗിച്ച് നേരത്തെയും ആഷിഖ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ചതോടെ അടിവാരത്തെ സ്വന്തം വീട്ടിൽ നിന്നും ഇവർ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. അവിടെയും ആഷിഖ് പ്രശ്നങ്ങൾ ഉണ്ടാക്കി. അതോടെ പുതുപ്പാടിയിൽ താമസിക്കുന്ന സഹോദരിക്ക് അടുത്തേക്ക് മാറി. മകനോട് ഒപ്പം താമസിക്കാനുള്ള ആഗ്രഹമാണ് വിനയായതെന്ന് അയൽവാസികൾ പറയുന്നത്.
കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്നാണ് യാസിര്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു. മയക്കുമരുന്ന് ലഹരിയിലാണ് ആക്രമണമെന്നാണ് പറയുന്നത്. യാസിര്‍ ലഹരിക്ക് അടിമയാണെന്നാണ് പരാതി. വെട്ടേറ്റ യാസിറിന്റെ ഭാര്യ ഷിബില ആണ് കൊല്ലപ്പെട്ടത്. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അബ്ദുറഹിമാന്റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. യാസിറിനെതിരെ നേരത്തെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും എന്നാൽ, പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്.
© Copyright - MTV News Kerala 2021




View Comments (0)