താമരശ്ശേരി ചുരം ഒൻപതാം വളവില്‍ സുരക്ഷാ വേലി തകര്‍ത്ത് കണ്ടെയ്‌നര്‍ ലോറി; കൊക്കയില്‍ വീഴാതെ രക്ഷപ്പെട്ടത് തലനാരിടയ്ക്ക്

MTV News 0
Share:

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകര്‍ത്തു. തലനാരിടയ്ക്കാണ് ട്രക്ക് കൊക്കയില്‍ വീഴാതെ രക്ഷപ്പെട്ടത്. കര്‍ണാടകയില്‍ നിന്ന് ഇരുചക്രവാഹനങ്ങളുടെ ലോഡുമായി സര്‍വീസ് നടത്തുന്ന വാഹനമാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

ഒന്‍പതാം വളവില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി സംരക്ഷണ ഭിത്തി തകര്‍ക്കുകയായിരുന്നു. സുരക്ഷാ വേലി തകര്‍ത്ത് ലോറി അല്‍പം മുന്നോട്ട് നീങ്ങിയെങ്കിലും കൊക്കയിലേക്ക് പതിച്ചില്ല. ലോറിയില്‍ ലോഡുണ്ടായിരുന്നതിനാല്‍ മാത്രമാണ് വാഹനം താഴേക്ക് വീഴാതിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ലോറിയില്‍ ഡ്രൈവര്‍ അടക്കം രണ്ടുപേര്‍ ഉണ്ടായിരുന്നു.

പൊലീസിന്റെയും ഫയര്‍ഫോഴ്‌സിൻ്റെയും സംയോജിത ഇടപെടലിലൂടെയാണ് ഇരുവരെയും രക്ഷിച്ചത്. അപകടം നടന്ന സമയം, ഫയര്‍ഫോഴ്‌സും പൊലീസും തഹസില്‍ദാറും റവന്യൂ അധികാരികളും ഒന്‍പതാം വളവിന് സമീപത്തായി മണ്ണിടിഞ്ഞു വീണ സ്ഥലത്ത് സംയുക്ത പരിശോധനയ്ക്ക് ഉണ്ടായിരുന്നതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടാന്‍ സാധിച്ചു.