പാലക്കാട് സ്‌കൂളില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റ സംഭവം; ‘നിയമപരമായി കര്‍ശന നടപടികള്‍ ഉണ്ടാകും’: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവന്‍കുട്ടി

MTV News 0
Share:

പാലക്കാട് ജില്ലയില്‍ വ്യാസാ വിദ്യാപീഠം പ്രീപ്രൈമറി സി.ബി.എസ്.ഇ. സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റ സംഭവത്തെ സംസ്ഥാന സര്‍ക്കാര്‍ വളരെ ഗൗരവമായാണ് കാണുന്നതെന്നും സംഭവത്തില്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി ഫേയ്‌സ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ വ്യാസാ വിദ്യാപീഠം പ്രീപ്രൈമറി സി.ബി.എസ്.ഇ. സ്‌കൂളിന്റെ സമീപത്തു നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തതും ഇതിലൊന്ന് പൊട്ടിത്തെറിച്ച് ഒരു വിദ്യാർത്ഥിക്കും ഒരു വനിതയ്ക്കും പരിക്കേറ്റതുമായ സംഭവം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് പാലക്കാട് ഠൗൺ നോർത്ത് പോലീസ് സ്റ്റേഷൻ എക്‌സ്‌പ്ലോസീവ് സബ്സ്റ്റാൻസസ് ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട്, എന്നിവ പ്രകാരം കേസ് എടുത്തിട്ടുണ്ട്.

സംഭവത്തെ വളരെ ഗൗരവമായാണ് സംസ്ഥാന സർക്കാർ കാണുന്നത്. നിയമപരമായി കർശന നടപടികൾ ഉണ്ടാകും. ഒപ്പം തന്നെ ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.