‘അദ്ദേഹത്തിന്‍റെ തൂലികയിലൂടെ സൃഷ്ടിക്കപ്പെട്ട ഒരുപാട് നല്ല കഥാപാത്രങ്ങൾ എനിക്ക് കിട്ടി’: മോഹൻലാൽ

MTV News 0
Share:
MTV News Kerala

കോഴിക്കോട്: എംടിയെ ഒരുനോക്ക് കാണാനായി വീട്ടിലെത്തി മോഹൻലാൽ. സംവിധായകൻ ടി കെ രാജീവ് കുമാറിനൊപ്പമാണ് അദ്ദേഹം സിത്താരയിലെത്തിയത്. ഒരുപാട് വർഷത്തെ ബന്ധമുണ്ടെന്നും നല്ല സ്നേഹമായിരുന്നുവെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ്. തന്‍റെ സംസ്കൃത നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. സ്നേഹം അങ്ങോട്ടുമിങ്ങോട്ടുമുണ്ട്. അദ്ദേഹത്തിന്‍റെ തൂലികയിലൂടെ സൃഷ്ടിക്കപ്പെട്ട ഒരുപാട് കഥാപാത്രങ്ങൾ അഭിനയിക്കാൻ സാധിച്ച ഒരാളാണ് താനെന്നും മോഹൻലാൽ പറഞ്ഞു.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം ടി വാസുദേവൻ നായർ (91) ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. എംടിയുടെ ഭൗതികദേഹം ഇന്ന് അഞ്ച് മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകൻ, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തൻ്റെ കൈയൊപ്പ് ആഴത്തിൽ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച പാതിരാവും പകൽ‌വെളിച്ചവും ആണ് ആദ്യ നോവൽ. പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ ആദ്യ നോവൽ നാലുകെട്ടാണ് (1958). അന്ന് 25 വയസ്സായിരുന്നു എം ടിയുടെ പ്രായം. 1959ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നാലുകെട്ടിനായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കാലം (1969), വയലാർ അവാർഡ് നേടിയ രണ്ടാമൂഴം (1984) , എൻ.പി.മുഹമ്മദും ചേർന്ന് എഴുതിയ അറബിപ്പൊന്ന് (1960), അസുരവിത്ത് (1962), മഞ്ഞ് (1964), വിലാപയാത്ര (1978), വാരാണസി (2002) എന്നിവയാണ് പ്രധാന നോവലുകൾ. ഓടക്കുഴൽ അവാർഡ് നേടിയ വാനപ്രസ്ഥം, രക്തം പുരണ്ട മൺത്തരികൾ, വെയിലും നിലാവും , വേദനയുടെ പൂക്കൾ, നിന്റെ ഓർമയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങൾ, ബന്ധനം, പതനം, കളിവീട്, ഡാർ എസ് സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വർഗം തുറക്കുന്ന സമയം, ഷർലക്, തുടങ്ങി വായനക്കാർ നെഞ്ചോടു ചേർത്ത നിരവധി കഥകളും എം ടിയുടെ തൂലികയിൽ പിറന്നു.