
ഇസ്രയേലിനെയും അമേരിക്കയെയും ദുരുപയോഗം ചെയ്തതായി ആരോപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി. ഐസിസി ജീവനക്കാര്‍ക്കും യുഎസിനും സഖ്യകക്ഷികള്‍ക്കുമെതിരായ ഐസിസി അന്വേഷണങ്ങളെ സഹായിക്കുന്ന എല്ലാവര്‍ക്കും സാമ്പത്തിക, വിസാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു.
അമേരിക്കയെയും നമ്മുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിനെയും ലക്ഷ്യമിട്ടുള്ള നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികളാണ് ഐസിസി നടത്തുന്നതെന്ന് ഉത്തരവിൽ ആരോപിക്കുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യുഎസ് സന്ദര്‍ശനത്തോടനുബന്ധിച്ചായിരുന്നു ഈ നീക്കം. ഗാസ വിഷയത്തിൽ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് നെതന്യാഹുവിനും മുന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും മുതിര്‍ന്ന ഹമാസ് നേതാവിനുമെതിരെ നവംബറില്‍ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇസ്രായേലികള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഹേഗ് ആസ്ഥാനമായുള്ള കോടതി അധികാരം ദുരുപയോഗം ചെയ്തുവെന്ന് ട്രംപിന്റെ ഉത്തരവില്‍ പറയുന്നു. യുദ്ധനിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രം എന്നാണ് വൈറ്റ് ഹൗസ് ഇസ്രയേലിനെ വിശേഷിപ്പിച്ചത്.
© Copyright - MTV News Kerala 2021
View Comments (0)