അബ്ദുൽ റഹീമിന്‍റെ മോചനം, കേസ് ഏപ്രിൽ 14ന് കോടതി വീണ്ടും പരിഗണിക്കും

MTV News 0
Share:
MTV News Kerala

റിയാദ്: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം ഇനിയും നീളും. ഹർജി പരിഗണിച്ച കോടതി പത്താം തവണയും കേസ് മാറ്റിവെച്ചതോടെയാണ് മോചന കാര്യം തീരുമാനമാകാതിരുന്നത്. ഏപ്രിൽ 14ന് ഇന്ത്യൻ സമയം രാവിലെ 11 നാണ് ഇനി കേസ് പരിഗണിക്കുക.

റഹീമിന്റെ അഭിഭാഷകർ മോചനം വൈകുന്നതിനാൽ, പ്രത്യേക ജാമ്യഹർജി ഫയൽ ചെയ്തിരുന്നു. കോടതി ഇതും ഇന്ന് പരിഗണിച്ചില്ല. മാർച്ച് ആദ്യവാരമുണ്ടായ സിറ്റിങ്ങിൽ കേസ് സംബന്ധമായ എല്ലാ രേഖകളും ഹാജരാക്കാൻ ഗവർണറേറ്റിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. പത്തു തവണയായി കേസ് കോടതി മാറ്റി വയ്ക്കുന്നതിനാൽ, നിരാശയിലാണ് കുടുബം. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസിലാണ് 18 വര്‍ഷമായി റഹീം ജയിലില്‍ കഴിയുന്നത്.

Read Also – 21 വർഷം മരുഭൂമിയിൽ വിയർപ്പൊഴുക്കിയ പണത്തിനായി കാത്തിരിപ്പ്, പ്രതീക്ഷകൾ ബാക്കിയാക്കി ജാബിർ മടങ്ങുന്നു

ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.

തുടർന്ന് കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച് കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റി. ആ തീയതിയിൽ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. പല തവണ ഇത്തരത്തില്‍ കേസ് മാറ്റിവെക്കേണ്ടി വന്നു. മാർച്ച് മൂന്നിനായിരുന്നു കഴിഞ്ഞ സിറ്റിങ്. അന്ന് കോടതി റിയാദ് ഗവർണറേറ്റിനോട് കേസിെൻറ ഒറിജിനൽ ഫയൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. വിശദമായ പരിശോധനകൾക്ക് വേണ്ടിയായിരുന്നു പലതവണ കോടതി കേസ് മാറ്റിയത്.