ആരെന്ന് അറിയില്ലെങ്കിലും സഹപാഠിക്കായി അവര്‍ ഒന്നിച്ചു; 3 മാസം കൊണ്ട് നിര്‍മിച്ചു നല്‍കിയത് നല്ലൊരു കിടിലൻ വീട്

MTV News 0
Share:
MTV News Kerala

കോഴിക്കോട്: ക്ലാസ് മുറികളില്‍ നിന്ന് നേടിയ സഹജീവി സ്‌നേഹത്തിന്റെയും കരുതലിന്റെയും അറിവുകള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് കൊടിയത്തൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളാണ് മനുഷ്യ സ്‌നേഹത്തിന്റെ മഹത്തായ മാതൃക തീര്‍ത്തത്. തീര്‍ത്തും ദുരിതപൂര്‍ണമായ സാഹചര്യത്തില്‍ കഴിഞ്ഞിരുന്ന തങ്ങളുടെ സഹപാഠിക്ക് വെറും മൂന്ന് മാസം കൊണ്ടാണ് ഇവര്‍ അടച്ചുറപ്പുള്ള ഒരു പുതിയ വീട് നിര്‍മിച്ചു നല്‍കിയത്. 10, 20 രൂപ കൂപ്പണുമായി നാട്ടുകാര്‍ക്ക് മുന്‍പില്‍ തങ്ങളുടെ ആവശ്യം പറഞ്ഞുചെന്ന് പണം സ്വരൂപിച്ചാണ് അവര്‍ ഈ ഉദ്യമത്തിനായുള്ള തുക കണ്ടെത്തിയത്. സഹപാഠിയാണെന്ന് അറിയാമെങ്കിലും ആര്‍ക്ക് വേണ്ടിയാണ് പുതിയ വീട് നിര്‍മിച്ചു നല്‍കുന്നതെന്ന് കുട്ടികള്‍ക്ക് അറിയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. വിദ്യാര്‍ത്ഥിയുടെ സ്വകാര്യത മാനിച്ച് അധ്യാപകര്‍ തന്നെയാണ് തീരുമാനമെടുത്തത്.

വിദ്യാര്‍ഥികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്ന പതിവുള്ളതിനാല്‍ യാദൃഛികമായാണ് തങ്ങള്‍ ആ വിദ്യാര്‍ഥിയുടെ വീട്ടില്‍ എത്തിയതെന്ന് സ്‌കൂളിലെ അധ്യാപകര്‍ പറയുന്നു. തീര്‍ത്തും വാസയോഗ്യമല്ലാത്ത ഒരു താല്‍ക്കാലിക കെട്ടിടത്തിലായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. തുടര്‍ന്ന് ആ വീടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് സ്‌കൂളിലെ കുട്ടികളെയും മറ്റ് അധ്യാപകരെയും പിടിഎ അംഗങ്ങളെയും കാണിക്കുകയായിരുന്നു. നല്ല അടച്ചുറപ്പുള്ള ഒരു വീട് നിര്‍മിച്ചു നല്‍കണം എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞതോടെ അതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. ആര്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കുന്നതെന്ന് അറിയേണ്ടെന്നും ആ വീടിന്റെ വിഡിയോ കണ്ടപ്പോള്‍ സങ്കടമായെന്നും പണം കണ്ടെത്താന്‍ ഞങ്ങള്‍ തയ്യാറാണെന്നുമാണ് സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്.

മൂന്ന് മാസം കൊണ്ട് തന്നെ ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചതായി അധ്യാപകര്‍ പറഞ്ഞു. ഏഴ് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വീടിന്റെ താക്കോല്‍ ദാന ചടങ്ങിലും വിദ്യാര്‍ത്ഥിയെ പങ്കെടുപ്പിച്ചിരുന്നില്ല. സ്‌കൂളില്‍ നടന്ന ചെറിയ ചടങ്ങില്‍ കുന്നമംഗലം ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് അരിയില്‍ അലവി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഇകെ അബ്ദുല്‍ സലാമിന് താക്കോല്‍ കൈമാറി