
ഇത്തവണയും മനുഷ്യത്വം കാണിക്കാതെ അമേരിക്ക; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചത് വിലങ്ങ് അണിയിച്ച്
ഛത്തീസ്ഗഡ്: അമേരിക്കയില്‍ നിന്നും രണ്ടാം ഘട്ട അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചതും വിലങ്ങ് അണിയിച്ച്. പുരുഷന്മാരെയാണ് കൈവിലങ്ങ് അണിയിച്ചത്. സ്ത്രീകളെയും കുട്ടികളെയും വിലങ്ങ് അണിയിച്ചില്ല. കഴിഞ്ഞ ദിവസം രാത്രി 11.35നാണ് 116 പേരടങ്ങുന്ന രണ്ടാമത്തെ വിമാനം അമൃത്‌സറിലിറങ്ങിയത്.
സി-17 വിമാനത്തിലാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചത്. പഞ്ചാബ്-66, ഹരിയാന-33, ഗുജറാത്ത്-8, ഉത്തര്‍പ്രദേശ്-2, ഗോവ-2, മഹാരാഷ്ട്ര-2, രാജസ്ഥാന്‍-2 എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഹിമാചല്‍ പ്രദേശില്‍ നിന്നും ജമ്മു കശ്മീരില്‍ നിന്നും ഓരോ ആളുകള്‍ വീതവും അമൃത്‌സറിലെത്തിയിട്ടുണ്ട്.
ഇന്നലെ എത്തിയവരില്‍ ഭൂരിഭാഗം പേരും 18നും 30നുമിടയില്‍ പ്രായമുള്ളവരാണ്. ഇന്ന് 157 അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറിലെത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അതേസമയം വിമാനം അമൃത്‌സറില്‍ ഇറക്കുന്നതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. പഞ്ചാബിനെയും പഞ്ചാബികളെയും അപകീര്‍ത്തിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിമര്‍ശിച്ചിരുന്നു.
ഫെബ്രുവരി അഞ്ചിനും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യഘട്ട യുഎസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിലാണ് എത്തിയത്. അന്നും അനധികൃത കുടിയേറ്റക്കാരെ വിലങ്ങ് അണിയിച്ച് കൊണ്ടുവന്നതില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
എന്നാല്‍ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചാല്‍ ഇന്ത്യ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അനധികൃത കുടിയേറ്റം തടയാന്‍ നടപടി സ്വീകരിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. വൈറ്റ്ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റും നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. അതേസമയം കൂടിക്കാഴ്ചയ്ക്ക് ശേഷവും ആളുകളെ കൈവിലങ്ങ് അണിയിച്ച് തിരിച്ചയക്കുകയായിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)