ഇനി ഓര്‍മകളില്‍ ജീവിക്കും; യെച്ചൂരിയുടെ ഭൗതിക ശരീരം എയിംസിന് കൈമാറി
ഡല്‍ഹി: അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇനി ഓര്‍മകളില്‍ ജീവിക്കും. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഡല്‍ഹി എയിംസിലെ അനാട്ടമി വിഭാഗത്തിന് കൈമാറി. യെച്ചൂരിയുടെ ആഗ്രഹപ്രകാരമാണ് മൃതദേഹം എയിംസിന് കൈമാറിയത്. ഡല്‍ഹി എയിംസിലേക്കുള്ള വിലാപയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയവെ ബുധനാഴ്ചയായിരുന്നു സീതാറാം യെച്ചൂരിയുടെ മരണം. ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് അദ്ദേഹം പഠിച്ച ജെഎന്‍യുവില്‍ പൊതുദര്‍ശനത്തിന് വെച്ചു. വികാരഭരിതമായ യാത്രയയപ്പാണ് പ്രിയ നേതാവിന് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നല്‍കിയത്. തുടര്‍ന്ന് വൈകീട്ടോടെ വസന്ത്കുഞ്ചിലെ വീട്ടില്‍ ഭൗതിക ശരീരം എത്തിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ മൃതദേഹം ഡല്‍ഹി എകെജി സെന്ററില്‍ എത്തിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, എഐസിസി ട്രഷറര്‍ അജയ് മാക്കന്‍, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, ആംആദ്മി നേതാവ് മനീഷ് സിസോദിയ, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ഉള്‍പ്പെടെയുള്ളവര്‍ എകെജി സെന്ററിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഇതിന് ശേഷമായിരുന്നു ഡല്‍ഹി എയിംസിലേക്കുള്ള വിലാപയാത്ര. മുന്‍ സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എ വിജയരാഘവന്‍ ഉള്‍പ്പെടെയുള്ളവര്‍ വിലാപയാത്രയെ അനുഗമിച്ചു.
© Copyright - MTV News Kerala 2021
View Comments (0)