ഇന്ത്യയിൽ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു; കുട്ടിക്ക് വിദേശ യാത്രാപശ്ചാത്തലമില്ല

MTV News 0
Share:
MTV News Kerala

ബെംഗളൂരു: ഇന്ത്യയില്‍ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് ആദ്യകേസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് വിദേശ യാത്രാ പശ്ചാത്തലം ഇല്ല. രോഗം എവിടെ നിന്നാണ് വന്നതെന്നതില്‍ വ്യക്തതയില്ല. ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസ് ആണിത്.

ചൈനീസ് വേരിയന്റ് ആണോ എന്നതില്‍ സ്ഥിരീകരണം ഇല്ല. പരിശോധന തുടരുമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ശക്തമായ പനിയെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളില്‍ എച്ച്എംപിവി സ്കീനിംഗ് നടത്തണമെന്ന് കർണാടക ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി അഥവാ ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ്. ന്യുമോണിയ വിഭാഗത്തില്‍പ്പെട്ട രോഗമായാണ് ഇതിനെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരെയും ഈ രോഗം ബാധിക്കാമെന്നാണ് ഡിസിസി (യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അന്റ് പ്രവന്‍ഷന്‍) വ്യക്തമാക്കുന്നത്. 2001ലാണ് ആദ്യമായി എച്ച്എംപിവി സ്ഥിരീകരിക്കപ്പെട്ടത്.