
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്ത സംഭവം; ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിവെച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ന്യൂഡൽഹിയിലെ ശ്രീലങ്കൻ ആക്ടിംഗ് ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും ശ്രീലങ്കൻ സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ ഡെൽഫ്റ്റ് ദ്വീപിലാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവിക സേന വെടിയുതിർത്തത്. അഞ്ച് മത്സ്യത്തൊഴിലാളികൾക്ക് വെടിവെയ്പിൽ പരിക്കേറ്റിരുന്നു. പരിക്കേറ്റ മത്സ്യത്തൊഴിലാളികൾക്ക് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കി.13 മത്സ്യത്തൊഴിലാളികൾ കപ്പലിലുണ്ടായിരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. പരിക്കേറ്റ രണ്ട് മത്സ്യത്തൊഴിലാളികളുടെ നില ഗുരുതരമാണ്.
പരിക്കേറ്റവർ നിലവിൽ ജാഫ്ന ടീച്ചിംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് മൂന്ന് പേർക്ക് നിസാര പരിക്കേറ്റതായും അവർക്ക് ചികിത്സ നൽകിയതായും വിദേശകാര്യ മന്ത്രി തന്റെ പ്രസ്താവനയിൽ അറിയിച്ചു. ജാഫ്നയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ഞായറാഴ്ച രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അനധികൃത മത്സ്യബന്ധനമെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും മൂന്ന് ട്രോളറുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു
© Copyright - MTV News Kerala 2021
View Comments (0)