ഉമര്‍ ഫൈസിയുടെ ‘കള്ളന്മാര്‍’ പ്രയോഗം; ‘ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയി’; റിപ്പോര്‍ട്ടറിനോട് സ്ഥിരീകരിച്ച് നദ്‌വി

MTV News 0
Share:
MTV News Kerala

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുശാവറ യോഗത്തില്‍ നിന്നും പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങി പോയെന്ന് സ്ഥിരീകരിച്ച് യോഗത്തില്‍ പങ്കെടുത്ത സമസ്ത അംഗം ബഹാഉദ്ധീന്‍ നദ്‌വി. ജോയിന്റ് സെക്രട്ടറി ഉമര്‍ഫൈസി മുക്കം നടത്തിയ ‘കള്ളന്മാര്‍’ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപോയതെന്നും ബഹാഉദ്ധീന്‍ നദ്‌വി പറഞ്ഞു.

‘ഉമര്‍ഫൈസിയെക്കുറിച്ചുള്ള വിഷയമാണ് ചര്‍ച്ച ചെയ്യുന്നതെന്നും മാറിയിരിക്കണമെന്നും ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാറിയിരിക്കില്ലെന്നും അതിന്റെ ആവശ്യമില്ലെന്നുമാണ് ഉമര്‍ഫൈസി മറുപടി പറഞ്ഞത്. പ്രസിഡന്റ് പറഞ്ഞ സ്ഥിതിക്ക് നിങ്ങള്‍ മാറിയിരിക്കണമെന്ന് വിഷയത്തില്‍ ഇടപെട്ടുകൊണ്ട് ഞാന്‍ സൂചിപ്പിച്ചു. പ്രസിഡന്റിനെ പിന്തുണക്കുകയാണ് ചെയ്തത്. കള്ളന്മാര്‍ പറയുന്നത് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് ഉമര്‍ ഫൈസി പറഞ്ഞു. നിങ്ങളുടേത് എന്തെങ്കിലും ഞാന്‍ കട്ടെടുത്തോയെന്ന് നദ്‌വി ചോദിച്ചു. അങ്ങനെയല്ല, കള്ളം പറയുന്നവരും കള്ളന്മാരാണെന്ന് ഉമര്‍ഫൈസി പറഞ്ഞു. അതിനിടെ ‘ ഈ ഇരിക്കുന്നവര്‍ കള്ളന്മാരാണെന്ന് പറഞ്ഞാല്‍ ഞാനും അതില്‍പ്പെടുന്നതല്ലേ. ഞാന്‍ ഇവിടെ ഇരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് ജിഫ്രി തങ്ങൾ ഇറങ്ങി പോവുകയായിരുന്നു’, ബഹാഉദ്ധീന്‍ നദ്‌വി പറഞ്ഞു. സമസ്തയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഈ സംഭവം. പ്രസിഡന്റിനെ എല്ലാവരും അനുസരിക്കുന്നതാണ് രീതിയെന്നും ബഹാഉദ്ധീന്‍ കൂട്ടിച്ചേർത്തു.