ഉമാ തോമസിന്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും, വിദഗ്ധസംഘം രാത്രിയെത്തും

MTV News 0
Share:
MTV News Kerala

കൊച്ചി: ഗ്യാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം. ആശുപത്രി അധികൃതരുമായി സംസാരിച്ച ആരോഗ്യമന്ത്രി വിദഗ്ധ ചികിത്സ ഉറപ്പു വരുത്താനും നിർദേശം നൽകി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധസംഘം രാത്രി 11 മണിക്ക് ശേഷം ആശുപത്രിയിൽ എത്തും. മെഡിക്കൽ ബുള്ളറ്റിൻ ഉടൻ ഉണ്ടാകും.

ഗുരുതര പരിക്കുകളാണ് എംഎൽഎയ്ക്ക് ഉണ്ടായിട്ടുള്ളതെന്ന് മെഡിക്കൽ സംഘം അറിയിച്ചിരുന്നു. തലച്ചോറിനും ശ്വാസകോശത്തിനും പരിക്കുകളുണ്ടെന്നും വാരിയെല്ലിനും മുഖത്തും പരിക്കുകളുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.

എംഎൽഎ ഇപ്പോഴും അബോധാവസ്ഥയിൽ ആണെന്നും ഡോക്ടർമാർ പറഞ്ഞു. അടിയന്തര ശസ്ത്രക്രിയ ഇപ്പോഴില്ല. ആരോഗ്യനില തൃപ്തികരമാണെന്ന് ഇപ്പോൾ പറയാനാകില്ല എന്നും എംഎൽഎയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നുവെന്നും ഡോക്ടർമാരുടെ സംഘം അറിയിച്ചു.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയ്ക്കിടയില്‍ ഉണ്ടായ അപകടത്തിലാണ് ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റത്. ഗ്യാലറിയുടെ മുകളില്‍ നിന്നും താഴെയ്ക്ക് തെറിച്ചു വീണാണ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. ലോക റെക്കോര്‍ഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12000 നര്‍ത്തകര്‍ അണിനിരന്ന നൃത്ത പരിപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം.

മുഖം കുത്തിയാണ് ഉമാ തോമസ് എംഎല്‍എ വീണത്. മൂക്കില്‍ നിന്നും വായില്‍ നിന്നും അമിതമായി രക്തം വരുന്നുണ്ടായിരുന്നു. വീഴ്ചയില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു.