ഉമാ തോമസ് എംഎൽഎ കണ്ണ് തുറന്നു, കൈ കാലുകൾ ചലിപ്പിച്ചു; ആരോഗ്യനിലയിൽ പുരോഗതി

MTV News 0
Share:
MTV News Kerala

കൊച്ചി: ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. എംഎൽഎ രാവിലെ കണ്ണ് തുറക്കുകയും കൈ കാലുകൾ ചലിപ്പിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യനില വിലയിരുത്തും.

അതേസമയം, ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ അപകടത്തിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസില്‍, പരിപാടിയുടെ സംഘാടകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൃദംഗ വിഷന്‍ എംഡിഎം നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവൻ്റ് മാനേജ്‌മെൻ്റ് ഉടമ പിഎസ് ജനീഷ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പരിപാടിയുടെ നടത്തിപ്പില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ പ്രധാന വാദം. എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചുവെന്നും ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും ആക്ഷേപങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് സംഘാടകരുടെ വാദം.

നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതി പാലാരിവട്ടം പൊലീസിൻ്റെ റിപ്പോര്‍ട്ട് തേടും. ജി കൃഷ്ണകുമാര്‍ അധ്യക്ഷനായ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രണ്ട് പേരുടെയും ജാമ്യാപേക്ഷ. കേസില്‍ നിലവില്‍ എം നിഗോഷും പിഎസ് ജനീഷും പ്രതികളല്ല.

ഡിസംബർ 29 വൈകീട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു. നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പരിപാടി സംഘടിപ്പിച്ച ‘മൃദംഗ വിഷ’ൻ സിഇഒ അറസ്റ്റിലായിരുന്നു. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് സിഇഒ ആയ ഷമീർ അബ്ദുൽ റഹീം പിടിയിലായത്.