എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ, സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി; ഇനി തൃണമൂൽ കോൺഗ്രസിൽ

MTV News 0
Share:
MTV News Kerala

മലപ്പുറം: എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ. രാവിലെ 9.30 യോടെ സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. സ്പീക്കറെ കണ്ട ശേഷം പി വി അൻവർ രാജി സ്ഥിരീകരിച്ചു. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്‍റെ നിര്‍ണായക നീക്കം.

രാജി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ ജനങ്ങൾക്കും നിലമ്പൂരിലെ വോട്ടർമാർക്കും നന്ദി അറിയിച്ചു. നിയമസഭയിൽ എത്താൻ സഹായിച്ച എല്‍ഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും അന്‍വര്‍ നന്ദി പറഞ്ഞു. 11 ന് തന്നെ രാജിവെക്കുന്ന കാര്യം സ്പീക്കറെ ഇ മെയിൽ മുഖേന അറിയിച്ചിരുന്നു. രാജിവെക്കാൻ ഉദ്ദേശിച്ചല്ല കൊൽക്കത്തയിൽ പോയത്. കേരളം നേരിടുന്ന പ്രധാന പ്രശ്നം വന്യജീവി പ്രശ്നത്തിൽ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കണമെന്ന് മമത ബാനർജിയോട് ആവശ്യപ്പെട്ടു. പാർട്ടിയുമായി സഹകരിച്ച് പോയാൽ ദേശീയ തലത്തിൽ പ്രശ്‌നം ഉന്നയിക്കാമെന്ന് മമത ഉറപ്പ് നൽകി. ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടിയാണ് ഇനി പോരാട്ടം. അതിന് വേണ്ടിയാണ് രാജിയെന്നും രാജിക്ക് നിർദേശിച്ചത് മമതയാണെന്നും അൻവർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അത് മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്‍റെ നീക്കം. അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല. അൻവർ വീണ്ടും മത്സരിച്ചാൽ അത് യുഡിഎഫ് മേൽ സമ്മർദം കൂട്ടും.