എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; പെണ്‍മക്കളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി
കൊച്ചി: എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. മക്കളായ ആശ ലോറന്‍സിന്റെയും സുജാത ബോബന്റെയും അപ്പീല്‍ തള്ളിക്കൊണ്ട് ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മൃതദേഹം ഏറ്റെടുത്ത മെഡിക്കല്‍ കോളജ് നടപടി ശരിവച്ചാണ് കോടതിയുടെ ഉത്തരവ്.
നേരത്തെ സിംഗിള്‍ ബെഞ്ച് സമാനമായ വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. മക്കള്‍ തമ്മിലുള്ള പ്രശ്‌നമാണിതെന്നും അനന്തമായി വിഷയം നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം സുപ്രീം കോടതിയെ സമീപിക്കുമെന്ന് മകള്‍ ആശ ലോറന്‍സ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ലോറന്‍സ് ജീവിച്ചിരുന്ന സമയത്ത് മൃതദേഹം വൈദ്യപഠനത്തിന് നല്‍കണമെന്ന ആവശ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് മകന്‍ സജീവന്‍ വ്യക്തമാക്കി. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാനാകില്ലെന്നും മതപരമായ ചടങ്ങുകളോടെ സംസ്കരിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് മക്കളായ ആശ ലോറന്‍സ്, സുജാത ബോബന്‍ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ മധ്യസ്ഥനെ നിയോഗിച്ച് ഹൈക്കോടതി നടത്തിയ ചര്‍ച്ചകളും വിഷയത്തിൽ സമവായമുണ്ടാക്കാനാവാതെ പരാജയപ്പെടുകയായിരുന്നു.
മൃതദേഹം നിലവില്‍ എറണാകുളം മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. സെപ്റ്റംബർ 21 നായിരുന്നു എം എം ലോറന്‍സിന്റെ അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
© Copyright - MTV News Kerala 2021
View Comments (0)