എം കെ രാഘവനെ തടഞ്ഞ സംഭവം; കണ്ണൂർ കോൺഗ്രസിൽ കൂട്ടരാജി; കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചു

MTV News 0
Share:
MTV News Kerala

കണ്ണൂർ: എം കെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ കോൺഗ്രസിൽ കൂട്ടരാജി. കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കമാണ് രാജിവെച്ചത്. പ്രസിഡന്റ് ഉൾപ്പെടെ 36 മണ്ഡലം കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു. എം കെ.രാഘവൻ എംപിക്കെതിരെയും മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. എം കെ രാഘവൻ എംപിയുടെ കോലവുമായി നേതാക്കൾ പ്രതിഷേധിച്ചു.

കോൺഗ്രസ് ഭരിക്കുന്ന മാടായി കോളേജിൽ കോഴ വാങ്ങി സിപിഐഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു എം കെ രാഘവൻ എംപിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. മാടായി കോളേജിൽ എത്തിയപ്പോഴായിരുന്നു ഭരണസമിതി ചെയർമാൻ കൂടിയായ എംപിയെ തടഞ്ഞത് പ്രതിഷേധിച്ചത്. എംപിക്കെതിരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പൊലീസ് എത്തിയായിരുന്നു പ്രവർത്തകരെ പിന്തിരിപ്പിച്ചത്.

കല്ല്യാശ്ശേരി-പയ്യന്നൂർ നിയോജക മണ്ഡലത്തിലെ ശക്തമായ പ്രതിഷേധത്തെ അവഗണിച്ചു കൊണ്ടാണ് കോളേജിൽ സിപിഐഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാൻ എംപി നീക്കം നടത്തുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ഡിസിസി അച്ചടക്ക നടപടി സ്വീകരിച്ചു. നാല് നേതാക്കളെ ഡിസിസി സസ്പെൻഡ് ചെയ്തു. കാപ്പടാൻ ശശിധരൻ, വരുൺ കൃഷ്ണൻ, കെ വി സതീഷ് കുമാർ, കെ പി ശശി എന്നിവർക്കെതിരെയായിരുന്നു നടപടി. പ്രവർത്തകരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഡിസിസി നടപടിയിൽ യൂത്ത് കോൺഗ്രസിൽ അടക്കം പ്രതിഷേധം കനക്കുകയാണ്.