എല്ലാ നരകങ്ങളും തകർക്കപ്പെടും, സ്ഥാനാരോഹണം വരെയാണ് സമയം: ഹമാസിന് മുന്നറിയിപ്പ് നൽകി ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപായി ബന്ദികളെ വിട്ടയക്കണമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകി ഡൊണാള്‍ഡ് ട്രംപ്. നിങ്ങളുടെ ചർച്ചകളെ ബുദ്ധിമുട്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ജനുവരി 20-ന് സത്യപ്രതിജ്ഞ ചെയ്ത് ഓഫീസിൽ എത്തുന്ന സമയത്ത് തന്നെ അവർ തിരിച്ചെത്തെണം. ഇല്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ എല്ലാ നരകങ്ങളും തകർക്കപ്പെടുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന. അമേരിക്കൻ ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസുമായുള്ള ചർച്ചകളുടെ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബന്ദികളെ ഇതിന് മുൻപേ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടതാണ്. ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണം ഒരിക്കലും സംഭവിക്കരുതായിരുന്നു. അന്ന് നിരവധി പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ ഒരുപാട് ആളുകളാണ് എന്നോട് സഹായം അഭ്യർത്ഥിക്കുന്നത്. മകളുടെ മൃതദേഹം തിരികെ ലഭിക്കുമോ എന്ന് ചോദിച്ചു കൊണ്ട് ബന്ദികളുടെ മാതാപിതാക്കൾ എന്നെ സമീപിക്കാറുണ്ടെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും ഉന്നത ദേശീയ സുരക്ഷാ സഹായികളും മാസങ്ങളായി ബന്ദികളെ വിട്ടയക്കുന്നതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഹമാസ് സന്ധി ധാരണകൾ നിരസിച്ചതായാണ് റിപ്പോർട്ട്. ട്രംപ് രണ്ടാമത്തെ വട്ടമാണ് ‘കർശന’ മുന്നറിയിപ്പ് നൽകുന്നത്. നേരത്തെ ഇത് സംബന്ധിച്ച് ട്രംപ് ട്രൂത്ത് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. പോസ്റ്റിൽ ബൈഡന്റെ ഭരണകൂടത്തിൻ്റെ കഴിവില്ലായ്മയെ ട്രംപ് പരിഹസിച്ചിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)