97മത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ ബ്ലെസി സംവിധാനത്തിലൊരുങ്ങിയ ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സാധാരണഗതിയില്‍ ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്.
323 ചിത്രങ്ങളിൽ നിന്ന് 207 ചിത്രങ്ങളാണ് ഷോട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12ാം തിയതി വരെയാണ് വോട്ടിങ്. വോട്ടിങ് ശതമാനമുള്‍പ്പടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാകുക. നേരത്തെ ടൊവിനോ തോമസിനെ നായകനാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന മലയാള സിനിമയും സമാനമായ രീതിയില്‍ പ്രാഥമിക റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ പിന്നീട് പുറന്തള്ളപ്പെടുകയായിരുന്നു.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി ഒരുക്കിയ ചിത്രം 2024 മാർച്ചിലാണ് റിലീസ് ചെയ്തത്. നിരൂപക പ്രശംസയും, പ്രേക്ഷകപ്രശംസയും കൈവരിച്ച ചിത്രം ആഗോളതലത്തിൽ മികച്ച കളക്ഷനും നേടിയിരുന്നു. ചിത്രത്തിലെ നജീബായുള്ള പ്രകടനം പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തിരുന്നു. അമല പോൾ, ഗോകുൽ, ജിമ്മി ജീൻ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)