കണ്ണീരായി പനയമ്പാടം; പാലക്കാട് വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറിപാഞ്ഞുകയറി ​4 കുട്ടികൾക്ക് ദാരുണാന്ത്യം

MTV News 0
Share:

പാലക്കാട്: പാലക്കാട് പനയമ്പാടത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ​4 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. മരിച്ച നാലുപേരും 8-ാം ക്ലാസ് വിദ്യാർത്ഥിനികളാണ്. 5 പെണ്‍കുട്ടികളാണ് അപകടത്തിൽ പെട്ടത്. ഇതിൽ 4 പേരും മരിച്ചു. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. സിമൻ്റ് ലോറിക്കടിയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് ലോറി ക്രയിൻ ഉപയോഗിച്ച് പൂർണമായും ഉയർത്തുകയായിരുന്നു.

മരിച്ച 4 പെണ്‍കുട്ടികളുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ രണ്ട് ലോറി ഡ്രൈവർമാരും മദർ കെയർ ആശുപതിയിലുണ്ട്. എന്നാൽ ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകട വിവരം അറിഞ്ഞ് കുട്ടികളുടെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. അപകടം നടന്നയുടനെ തന്നെ നാട്ടുകാർ ഉൾപ്പെടെ ചേർന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാർത്ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു. അപകടത്തിൽ പരിക്കേറ്റ് ആരോഗ്യ നില ഗുരുതരമായ വിദ്യാർത്ഥികളാണ് മരണത്തിന് കീഴടങ്ങിയത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിന് സമീപത്ത് വെച്ചാണ് ദാരുണാപകടം ഉണ്ടായത്. സിമൻറ് ലോഡ് കയറ്റി വന്ന ലോറി വിദ്യാർത്ഥികളെ ഇടിച്ചുകയറിയശേഷം റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വലിയ ​ഗ​താ​ഗതക്കുരുക്കാണ് രൂപപ്പെട്ടത്.