
കത്തി,കോമ്പസ്,കരിങ്കൽ കഷണങ്ങൾ…; നഴ്‌സിങ് കോളേജിലെ ഹോസ്റ്റലിൽ നിന്നും റാഗിംഗിന് ഉപയോഗിച്ച വസ്തുക്കൾ കണ്ടെത്തി
കോട്ടയം: ഗാന്ധിനഗര്‍ ഗവണ്‍മെന്റ് നഴ്‌സിങ് കോളേജിലെ ക്രൂര റാഗിംഗിന് ഉപയോഗിച്ച വസ്തുക്കള്‍ കണ്ടെടുത്ത് പൊലീസ്. റാഗിംഗ് നടന്ന മുറിയില്‍ നിന്നും കത്തിയും കോമ്പസും ഡമ്പലും കരിങ്കല്‍ കഷണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോമ്പസ് കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച മുറിവുകളില്‍ ഒഴിക്കാന്‍ ഉപയോഗിച്ച ലോഷനും കണ്ടെടുത്തിട്ടുണ്ട്. മുറിയിലെ മുഴുവന്‍ സാധനങ്ങള്‍ കസ്റ്റഡിയിലെടുത്ത പൊലീസ് മുറി സീല്‍ ചെയ്തു.
ഹോസ്റ്റല്‍ മുറിയില്‍ നിന്നും കിട്ടിയ തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികള്‍ക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കി. പ്രതികളെ കസ്റ്റഡിയില്‍ എടുത്തതിനുശേഷം ഹോസ്റ്റലില്‍ വിശദമായ തെളിവെടുപ്പ് നടത്തും. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുപ്പ് ഇന്നും തുടരും.
അതേസമയം റാഗിംഗിനെതിരെ നാല് വിദ്യാര്‍ത്ഥികള്‍ കൂടി കോളേജിന്റെ ആന്റി റാഗിംഗ് സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇവരുടെ ശരീരമാസകലം ഷേവ് ചെയ്‌തെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വിദ്യാര്‍ത്ഥിക്കെതിരെ ക്രൂരമായ റാഗിംഗ് നടക്കുമ്പോള്‍ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വിവരം സെക്യൂരിറ്റിയെ അറിയിച്ചിട്ടും ഇടപെട്ടിരുന്നില്ലെന്നും സൂചനയുണ്ട്. ക്രൂരത പുറത്തുവന്നതോടെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ നീക്കം ചെയ്തു.
എന്നാല്‍ ഇത്തരത്തില്‍ റാഗിംഗ് നടന്നത് അറിഞ്ഞില്ലെന്നും ഇരയായ കുട്ടികള്‍ നിലവിളിക്കുന്നതു കേട്ടില്ലെന്നുമാണ് ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി മൊഴി നല്‍കിയത്. ഇതില്‍ പൊലീസിന് സംശയം ഉണ്ട്. എംഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥികളും താമസിക്കുന്ന ഹോസ്റ്റലില്‍ അസ്വാഭാവികമായി ഒന്നും നടന്നതായി അറിയില്ലെന്നാണ് അവരും പൊലീസിനോട് പറഞ്ഞത്.
© Copyright - MTV News Kerala 2021
View Comments (0)