കലാമേളയ്ക്ക് സാക്ഷിയാകാൻ അനന്തപുരി; സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കും. നാഷണൽ അച്ചീവ്‌മെന്റ് സർവേ പരീക്ഷയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കപ്പെട്ട കലോത്സവം ഏറ്റവും മികച്ച രീതിയിൽ നടത്താനാണ് സർക്കാരിന്റ തീരുമാനം.

25 വേദികളാണ് കലോത്സവത്തിനായി ഒരുക്കുക. ഇവയെല്ലാം നഗരപരിധിയിൽ തന്നെയായിരിക്കും. സെൻട്രൽ സ്റ്റേഡിയം ആയിരിക്കും പ്രധാന വേദി. കുട്ടികൾക്ക് ഭക്ഷണസൗകര്യം ഒരുക്കുക പുത്തരിക്കണ്ടം മൈതാനത്താകും. 25 സ്‌കൂളുകളിലായി കുട്ടികൾക്ക് താമസസൗകര്യം ഉണ്ടായിരിക്കും. കലോത്സവത്തിനോടനുബന്ധിച്ച് നഗരത്തിൽ ദീപാലങ്കാരം ഒരുക്കാൻ ടൂറിസം വകുപ്പിനോട് ആവശ്യപ്പെടുമെന്നും വേദികളിൽ ക്യൂആര്‍ കോഡ് സംവിധാനം ഒരുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, വെഞ്ഞാറമ്മൂട് നടന്ന പരിപാടിയില്‍ നടിക്കെതിരെ നടത്തിയ വിവാദ പരാമര്‍മശം പിന്‍വലിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. സ്‌കൂള്‍ കലോത്സവം തുടങ്ങുന്നതിന് മുന്‍പ് അനാവശ്യമായ ചര്‍ച്ചകള്‍ വേണ്ട എന്നതുകൊണ്ടാണ് തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.