കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ സ്‌റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ഒന്നാം പ്രതിയും മൃദംഗവിഷന്‍ എംഡിയുമായ നിഗോഷ് കുമാര്‍ അറസ്റ്റില്‍. പാലാരിവട്ടം പൊലീസ് ആണ് നിഗോഷിനെ അറസ്റ്റ് ചെയ്തത് ഹൈക്കോടതി നിര്‍ദേശപ്രകാരം ഇന്ന് ഉച്ചയ്ക്ക് നിഗോഷ് കീഴടങ്ങിയിരുന്നു. നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും.
ഇക്കഴിഞ്ഞ 28നാണ് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ നൃത്തപരിപാടി സംഘടിപ്പിച്ചത്. സിനിമാ താരം ദിവ്യ ഉണ്ണി, സിനിമാ, സീരിയല്‍ താരം ദേവി ചന്ദന അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇതിന് പിന്നാലെ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. സ്റ്റേജ് നിര്‍മിക്കാന്‍ സംഘാടകര്‍ അനുമതി വാങ്ങിയില്ലെന്ന ആരോപണവും ശക്തമായി. ഇക്കാര്യം സ്ഥിരീകരിച്ച് ജിസിഡിഎ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മൃദംഗവിഷന്‍ സിഇഒ ഷമീര്‍ അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. തലയ്‌ക്കേറ്റ പരിക്ക് ഭേദമാകുന്നുണ്ട്. ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുള്ളതിനാല്‍ ഉമാ സോമസ് കുറച്ചുദിവസങ്ങള്‍ കൂടി വെന്റിലേറ്ററില്‍ തുടരും.
© Copyright - MTV News Kerala 2021
View Comments (0)