
കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ മരിക്കാനിടയായ സംഭവത്തില്‍ നാളെ സര്‍വകക്ഷി യോഗം. ഇന്ന് വൈകുന്നേരം ചേര്‍ന്ന കണ്ണൂര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗമാണ് സര്‍വകക്ഷി യോഗം നടത്താന്‍ തീരുമാനിച്ചത്. യോഗത്തില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പങ്കെടുക്കും. ജില്ലാ കളക്ടര്‍, പൊലീസ്, വനം, ട്രൈബല്‍, പൊതുമരാമത്ത് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. വൈകുന്നേരം മൂന്ന് മണിക്ക് ആണ് സര്‍വകക്ഷി യോഗം.
അടിക്കാടുകള്‍ ഉടന്‍ വെട്ടി മാറ്റാന്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ ഉള്ള നടപടി തുടരും. ആനമതില്‍ പണി വേഗത്തില്‍ ആക്കാന്‍ നാളത്തെ യോഗത്തില്‍ ടിആര്‍ഡിഎമ്മിനോട് ആവശ്യപ്പെടുമെന്നും യോഗത്തില്‍ തീരുമാനിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് നാളെ അഞ്ച് ലക്ഷം രൂപ വീതം ആദ്യ ഗഡു നഷ്ടപരിഹാരം നല്‍കും. ബാക്കി പത്ത് ലക്ഷം നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ നല്‍കുമെന്നും യോഗം തീരുമാനമാക്കി. ആറളത്ത് ബിജെപി നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. വന്യജീവികളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം കൊടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
ആറളം ഫാം ബ്ലോക്ക് 13ലാണ് ആദിവാസി ദമ്പതികളായ വെള്ളിയെയും ഭാര്യ ലീലയെയും കാട്ടാന ചവിട്ടിക്കൊന്നത്. ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമണം സംഭവിച്ചത്. ആര്‍ആര്‍ടി ഓഫീസില്‍ നിന്നും 600 മീറ്റര്‍ അപ്പുറത്താണ് അപകടം സംഭവിച്ചത്. എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. പരാതി പറയുമ്പോഴും ശാശ്വത പരിഹാരം കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
© Copyright - MTV News Kerala 2021
View Comments (0)