കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു ; ഉടൻ കൈമാറുമെന്ന് മന്ത്രി
ഇടുക്കി: മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് വനംവകുപ്പ്. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ദുരന്ത നിവാരണ വകുപ്പുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തുക ഉടന്‍ തന്നെ കുടുംബത്തിന് നൽകുമെന്നും മന്ത്രി അറിയിച്ചു.
സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡ നില്‍ നിന്നും മന്ത്രി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താനും മന്ത്രി നിര്‍ദേശിച്ചു. അതേസമയം വന്യജീവി ആക്രമണത്തെ ഗൗരവമായി വനംവകുപ്പ് കാണണമെന്നും ജനജീവിതം സംരക്ഷിക്കാനുള്ള ഇടപെടൽ ഉണ്ടാകുന്നില്ലെന്നും വനംവകുപ്പിനെ സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് കുറ്റപ്പെടുത്തി.
റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുമ്പോളായിരുന്നു സി വി വർഗീസിന്റെ വിമർശനം.
വനംവകുപ്പ് ഇത്തരം വിഷയങ്ങളെ ഗൗരവമായി കാണണം. ഫെൻസിംഗും സുരക്ഷാ വേലിയും തീരുമാനിച്ചതാണ്. പക്ഷെ കാര്യമായി ഒന്നും നടന്നില്ല. ഇക്കാര്യത്തിൽ ബഹുജന പ്രക്ഷോപം ഉയർന്നുവരണമെന്ന് സിവി വർഗീസ് ആഹ്വനം ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥർ സമാന്തരസർക്കാരായി പ്രവർത്തിക്കുന്നു. ജനങ്ങളുടെ വികാരം മനസിലാക്കി വനംവകുപ്പ് പ്രവർത്തിക്കുന്നില്ല എന്നും ജനജീവിതം സംരക്ഷിക്കാനുള്ള ഇടപെടൽ നടത്തുന്നില്ല എന്നും സി വി വർഗീസ് വിമർശിച്ചത്.
ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇലാഹി എന്ന 23കാരൻ മരിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. അമർ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
കാടിനോട് ചേർന്നായിരുന്നു അമർ ഇലാഹിയുടെ വീട്. വീടിനടുത്ത് വെറും 300 മീറ്റർ മാത്രം അകലെയായിരുന്നു അമൽ ഇലാഹിയെ കാട്ടാന ആക്രമിച്ചത്. ഡിഗ്രി പഠനം പൂർത്തിയാക്കി താത്കാലികമായി ഒരു ജോലി ചെയ്ത് വരികയായിരുന്നു അമർ. കൂടെയുണ്ടായിരുന്ന ആൾ പറഞ്ഞാണ് സംഭവം പുറംലോകമറിഞ്ഞത്.
© Copyright - MTV News Kerala 2021
View Comments (0)