
‘കുഞ്ഞിന്റെ നിറം പറഞ്ഞ് മർദ്ദിച്ചു,സ്ത്രീധനത്തിന്റെ പേരിലും പീഡനം,പൊട്ടിക്കരഞ്ഞു’; സ്നേഹയുടെ കത്ത് പുറത്ത്
കണ്ണൂർ : കണ്ണൂരിൽ ഭർതൃപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ 24 വയസ്സുകാരി സ്നേഹയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് തന്നെ നിരന്തരം പീഡിപ്പിച്ചു എന്ന് സ്നേഹ തന്റെ ആത്മഹത്യ കുറിപ്പിൽ കുറിച്ചിട്ടുണ്ട്. മാനസികമായും ശാരീരികമായും ഭർത്താവ് ജിനുലാൽ തന്നെ പീഡിപ്പിച്ചു എന്നും കത്തിൽ വ്യക്തമാക്കുന്നു.
കുഞ്ഞിന്റെ നിറം ജിനുലാലിന്റേത് പോലെയല്ല എന്ന് പറഞ്ഞ് സ്നേഹയെ നിരന്തരം ജിനുലാൽ മർദ്ദിച്ചിരുന്നു. താൻ കറുത്തതാണെന്നും കുഞ്ഞ് വെളുത്തതാണെന്നും ജിനുലാൽ പറഞ്ഞിരുന്നു. ജിനുലാലിന് സ്നേഹയെ സംശയമായിരുന്നു എന്നും ബന്ധുക്കൾ പറയുന്നുണ്ട്. സ്നേഹ മരിക്കുന്നതിന് തൊട്ട് മുൻപ് ജിനുലാൽ ഫോണിൽ വിളിച്ചിരുന്നുവെന്നും മാനസികമായി തകർത്തുവെന്നും അതിന് ശേഷം സ്നേഹ പൊട്ടിക്കരയുന്നത് കണ്ടെന്നും ദൃക്സാക്ഷികൾ പറയുന്നു.
വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഢനമാണ് സ്നേഹ അനുഭവിച്ചത്. ലോറി ഡ്രൈവറായ ഭർത്താവ് ജിനുലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവർക്കും മൂന്നുവയസ്സുള്ള ഒരു കുഞ്ഞുണ്ട്. ഇന്നലെയാണ് കണ്ണൂരിലെ സ്വന്തം വീട്ടിൽ സ്നേഹയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
© Copyright - MTV News Kerala 2021
View Comments (0)