കെ കെ ശൈലജയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്: ലീഗ് നേതാവിന് പിഴ ശിക്ഷ

MTV News 0
Share:
MTV News Kerala

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഐഎം നേതാവ് കെ കെ ശൈലജ എംഎല്‍എയുടെ വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച കേസില്‍ മുസ്‌ലിം ലീഗ് നേതാവിന് കോടതി ശിക്ഷ വിധിച്ചു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

യുഡിഎഫ് ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ടി എച്ച് അസ്ലമിനാണ് കോടതി 15,000 രൂപ പിഴയായി ശിക്ഷ വിധിച്ചത്. മുസ്‌ലിങ്ങള്‍ എല്ലാവരും വര്‍ഗീയവാദികളാണെന്ന് ശൈലജ പറയുന്ന വീഡിയോ വ്യാജമായി ചിത്രീകരിച്ചതിനായിരുന്നു കേസ്. റിപ്പോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാറിന് ശൈലജ നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗം മാത്രം ഉപയോഗിച്ചും കൂട്ടി ചേര്‍ക്കലുകള്‍ നടത്തിയും വ്യാജ വീഡിയോ റിപ്പോര്‍ട്ടര്‍ ടിവിയുടേത് എന്ന രീതിയിലാണ് പ്രചരിപ്പിച്ചത്.

ഇതിനെതിരെ റിപ്പോര്‍ട്ടര്‍ ടിവിയും നിയമനടപടി സ്വീകരിച്ചിരുന്നു. ചൊക്ലി കവിയൂര്‍ സ്വദേശി അഷിത് നല്‍കിയ പരാതിയില്‍ ന്യൂ മാഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ഇപ്പോള്‍ വിധി പറഞ്ഞത്. സമുദായ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്, ശൈലജയുടെ വ്യാജ വീഡിയോ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിനാണ് അസ്‌ലം മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത്.