കൈകാലുകള്‍ ബന്ധിച്ചു, മതിയായ ഇരിപ്പിടമില്ല… ദുരനുഭവം തുറന്നുപറഞ്ഞ് അമേരിക്കയിൽ നിന്നും നാടുകടത്തപ്പെട്ട ഇന്ത്യക്കാർ

MTV News 0
Share:
MTV News Kerala

സ്ത്രീകളും കുട്ടികളും അടക്കം 104 ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തിയത് കൈകാലുകള്‍ ബന്ധിച്ചെന്ന് റിപ്പോര്‍ട്ട്. യുഎസ് സൈനിക വിമാനത്തില്‍ പഞ്ചാബിലെ അമൃത്സറില്‍ ഇറക്കിവിട്ട ഇന്ത്യക്കാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ മണ്ണില്‍ വിദേശ സൈനികവിമാനത്തിന് പ്രവേശന അനുമതി നല്‍കിയതും രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുന്ന നടപടിയായി മാറി.

അമേരിക്കയില്‍ നിന്നും പഞ്ചാബിലെ അമൃത്സറിലേക്ക് 41 മണിക്കൂര്‍ നീണ്ട ദീര്‍ഘയാത്രയിലാണ് കൈകാലുകള്‍ ബന്ധിച്ച് ഇന്ത്യക്കാര്‍ നാടുകടത്തപ്പെട്ടത്. കുടിയേറ്റം ആരോപിച്ചായിരുന്നു ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ നടപടി. ട്രംപ് ഉറ്റതോഴനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെടുമ്പോഴാണ് സര്‍വ്വ മനുഷ്യാവകാശവും ലംഘിച്ച് ഇന്ത്യന്‍ പൗരരെ കയ്യാമംവച്ച് നടതള്ളിയത്.

ഗുജറാത്ത്, ഹരിയാന സ്വദേശികളായ 33 പേര്‍ വീതവും പഞ്ചാബ് സ്വദേശികളായ 30 പേരും യുപി, മഹാരാഷ്ട്രക്കാരായ മൂന്ന് പേര്‍ വീതവും ചണ്ഡീഗഡുകാരായ രണ്ട് പേരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 79 പുരുഷന്മാരും 25 സ്ത്രീകളും നാലു വയസുള്ള കുട്ടിയടക്കം 25 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മതിയായ ഇരിപ്പിട സൗകര്യമില്ലാത്ത വിമാനത്തില്‍ ഒറ്റ ശുചിമുറി മാത്രമാണ് ഉണ്ടായിരുന്നത്. 41 മണിക്കൂര്‍നീണ്ടു ദുരിതയാത്രയെക്കുറിച്ച് നാടുകടത്തപ്പെട്ടവര്‍ തന്നെ പ്രതികരിച്ചതോടെയാണ് യുഎസിന്റെ മനുഷ്യത്വരഹിത നടപടി പുറംലോകം അറിയുന്നത്.

ഇന്ത്യന്‍ മണ്ണില്‍ വിദേശ സൈനികവിമാനത്തിന് പ്രവേശന അനുമതി നല്‍കിയത് രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുന്ന നടപടിയായി. മെക്സികോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങള്‍പോലും കുടിയേറ്റക്കാരുമായി വന്ന യുഎസ് സൈനിക വിമാനത്തിന് അനുമതി നിഷേധിച്ച് വന്‍ പ്രതിരോധം തീര്‍ത്ത ഘട്ടത്തിലാണ് മോദിസര്‍ക്കാര്‍ വിനീതവിധേയരായി നിന്നത്.