
കൊടുവള്ളി റെയിൽവേ മേൽപ്പാലം ചെറിയ പെരുന്നാൾ സമ്മാനമായി നാടിന് സമർപ്പിക്കും
തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം ഇരുപത് ദിവസത്തിനുള്ള പണി പൂര്‍ത്തിയാക്കുന്നതിന് തീരുമാനമെടുത്തു.
ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ സിന്ധു, എ.ജി.എം. ഐസക് വര്‍ഗ്ഗീസ്, എസ്.പി.എല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ മഹേശ്വരന്‍, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡര്‍ വെങ്കിടേശ്, സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കിഫ്ബി സഹായത്തോടെ നിര്‍മ്മിക്കുന്ന സംസ്ഥാനത്ത പത്ത് ആര്‍.ഒ.ബി.കളിലൊന്നായ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത 20 ദിവസത്തിനുള്ളില്‍ അവസാന മിനുക്കുപണികളും പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രസ്തുത കാലയളവിനുള്ളില്‍ അവസാന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും പുരോഗതി ആഴ്ചതോറും സ്പീക്കറുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയുടെ സമയം കൂടി നോക്കി ഉദ്ഘാടനതീയതി നിശ്ചയിക്കുന്നതിനും യോഗം തീരുമാനമെടുത്തു.
കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയപെരുന്നാല്‍ സമ്മാനമായി തലശ്ശേരി നിവാസികള്‍ക്ക് സമര്‍പ്പിക്കുന്നതോടെ കണ്ണൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വര്‍ഷങ്ങളായുണ്ടായിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു
© Copyright - MTV News Kerala 2021
View Comments (0)