
കൊട്ടാരക്കരയിൽ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗിയും ഭാര്യയും മരിച്ചു, ഏഴു പേര്‍ക്ക് പരിക്ക്
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ആംബുലന്‍സും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലന്‍സിലുണ്ടായിരുന്ന രോഗി അടക്കം രണ്ടു പേര്‍ മരിച്ചു. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അര്‍ധരാത്രിക്കുശേഷമാണ് അപകടമുണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്പിയെ ആംബുലന്‍സിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം.
ഇവരുടെ മകള്‍ ബിന്ദു അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ആംബുലന്‍സ് ഡ്രൈവറടക്കം അഞ്ചു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ലോറിയിൽ നാലുപേരുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തിൽപ്പെട്ടത്.
ലോറിയിൽ ഡ്രൈവറും ലോഡിറക്കാനുള്ള തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. രണ്ടു വാഹനങ്ങളിലുമായി ആകെ ഒമ്പതുപേരാണ് ഉണ്ടായിരുന്നത്.മരിച്ച തമ്പിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ശ്യാമളയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണുള്ളത്.
© Copyright - MTV News Kerala 2021
View Comments (0)