കോന്നിയിൽ വാഹനാപകടം: കാറും ബസും കൂട്ടിയിടിച്ചു, ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും എതിർദിശയില്‍ നിന്നുവന്ന കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. കോന്നി മുറിഞ്ഞകല്ലില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പത്തനംതിട്ട സ്വദേശികളായ മത്തായി ഈപ്പന്, നിഖില്‍ ഈപ്പന്, ബിജു പി ജോര്‍ജ്, അനു എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്. കൂടല്‍ പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
പുനലൂര്‍-മുവാറ്റുപുഴ സംസ്ഥാന പാതയിലായിരുന്നു സംഭവം. എതിര്‍ദിശയില്‍ വരികയായിരുന്ന ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ശബരിമലയില്‍ നിന്ന് തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മാരുതി സ്വിഫ്റ്റ് ഡിസൈര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. വിദേശത്ത് നിന്നും മടങ്ങിയെത്തിയ അനുവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസിലെ യാത്രക്കാർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. പുനലൂര്‍-മുവാറ്റുപുഴ സംസ്ഥാന പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
© Copyright - MTV News Kerala 2021
View Comments (0)