
കോഴിക്കോട് എയ്‌ഡഡ് സ്‌കൂൾ അധ്യാപിക ജീവനൊടുക്കി; ആറ് വർഷമായി ശമ്പളം കിട്ടിയില്ലെന്ന് കുടുംബത്തിൻ്റെ പരാതി
കോഴിക്കോട്: എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ അധ്യാപികയാണ്. ആറ് വർഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അലീനയുടെ കുടുംബം ആരോപിച്ചു.
താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജുമെൻ്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എൽ പി സ്കൂളിൽ 5 വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെൻ്റ് ജോസഫ് എൽപി സ്കൂളിലാണ് ജോലി ചെയ്യുന്നത്. ജോലിക്കായി ആറുവർഷം മുൻപ് 13 ലക്ഷം രൂപ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജുമെൻ്റിന് നൽകിയതായും കുടുംബം പറയുന്നുണ്ട്. വീട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള സ്കൂളിലാണ് അവസാന ഒരു വർഷം അലീന ജോലി ചെയ്തത്. സ്കൂൾ മാറ്റ സമയത്ത് ശമ്പളം വേണ്ടെന്ന് മാനേജ്മെൻ്റ് എഴുതി വാങ്ങിയെന്നും സ്കൂളിലെ അധ്യാപകർ തങ്ങളുടെ വേതനത്തിൽ നിന്ന് പിരിച്ചെടുത്ത പണമാണ് അലീനയ്ക്ക് നൽകിയിരുന്നതെന്നും വിവരമുണ്ട്.
കട്ടിപ്പാറ സ്കൂളിൽ ലീവ് വേക്കൻസിയിലാണ് അലീന ജോലിക്ക് കേറിയത്. ഇവിടെ നിയമനത്തിന് സാധ്യതയില്ലായിരുന്നിട്ടും മാനേജ്മെൻ്റ് സ്ഥിര നിയമനത്തിന് സാധ്യതയുണ്ടെന്ന് വാഗ്ദാനം നൽകിയാണ് ഇവർക്ക് ജോലി നൽകിയത്. എന്നാൽ അവധിക്ക് പോയ അധ്യാപിക തിരികെ വന്നതോടെ അലീനയെ വീടിന് അടുത്തുള്ള സ്കൂളിൽ നിന്ന് കോടഞ്ചേരിയിലേക്ക് മാറ്റി. ഇവിടെയും സ്ഥിര നിയമനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അലീന ജീവനൊടുക്കിയത്. കൊടിയ ചൂഷണമാണ് അധ്യാപിക നേരിട്ടതെന്നാണ് ലഭ്യമാകുന്ന വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്
© Copyright - MTV News Kerala 2021
View Comments (0)