
കോഴിക്കോട് താമരശേരി പൂനൂരിൽ രണ്ടു സ്ത്രീകളടക്കം മൂന്നു പേർ എം ഡി എം എ യുമായി പിടിയിൽ. ബാലുശ്ശേരി എരമംഗലം സ്വദേശി ജയ്സൽ, ഹൈദരാബാദ് സ്വദേശിനി ചാന്ദിനി ഖത്തൂൻ, ബംഗളൂരു സ്വദേശിനി രാധാ മേത്ത എന്നിവരാണ് പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച 1.550 ഗ്രാം എം ഡി എം എ യാണ് പിടികൂടിയത്.
കൂടാതെ നാല് മൊബൈൽ ഫോണുകളും 7300 രൂപയും ഒരു ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു. ബാലുശ്ശേരി, പൂനൂർ, താമരശ്ശേരി ഭാഗങ്ങളിൽ എം ഡി എം എ വിതരണം ചെയ്യുന്ന ഇവർ രണ്ട് മാസത്തോളമായി പൂനൂരിൽ വാടകയ്ക്ക് ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കോഴിക്കോട് ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എം ഡി എം എ പിടിച്ചെടുത്തത്. ബംഗളൂരുവിൽ നിന്നാണ് എം ഡി എം എ ലഭിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം , ഓപ്പറേഷന് ഡി -ഹണ്ടിന്റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 16) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 5544 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 243 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 254 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (29.1 ഗ്രാം), കഞ്ചാവ് (6.071 കി.ഗ്രാം), കഞ്ചാവ് ബീഡി (177 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.
© Copyright - MTV News Kerala 2021
View Comments (0)