കർഷകരുടെ റാലി സംഘടിപ്പിക്കാൻ കോൺഗ്രസ്; ഉത്തർപ്രദേശിലെ ഓരോ ജില്ലകളിലെയും കർഷകരെ സംഘടിപ്പിക്കാൻ നീക്കം
ലക്‌നൗ: ‘കിസാൻ മസ്ദൂർ സമ്മാൻ ഏവം ന്യായ് യാത്ര’ എന്ന പേരിൽ ഉത്തർപ്രദേശ് ഒട്ടാകെ കർഷകരുടെ റാലി സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനം. ജനുവരി 18 മുതൽ നടക്കുന്ന യാത്രയിൽ യുപിയിലെ ഓരോ ജില്ലയിൽ നിന്നുമുള്ള കർഷകരെ സംഘടിപ്പിക്കാനാണ് നീക്കം.
കോൺഗ്രസിന്റെ കർഷക സംഘടനയായ ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ് ആണ് റാലി സംഘടിപ്പിക്കുന്നത്. റാലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയുടെ നേതൃത്വത്തിൽ ഉത്തർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെയാണ് സമരമെന്ന് അജയ് റായ് പറഞ്ഞു.
‘കർഷകസമരത്തിന്റെ സമയത്ത് കേന്ദ്രസർക്കാർ താങ്ങുവില ഉറപ്പാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇപ്പോളാകട്ടെ, സർക്കാർ അതിൽ മൗനം പാലിക്കുകയാണ്. ഉത്തർ പ്രദേശിലെ ഓരോ ജില്ലയിലും ഈ റാലി സംഘടിപ്പിക്കാനാണ് നീക്കം’; ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ് ദേശീയ ഉപാധ്യക്ഷൻ അഖിലേഷ് ശുക്ല പറഞ്ഞു. ഓരോ ജില്ലയിൽ നിന്നും മുന്നൂറ് കർഷകരെ തിരഞ്ഞെടുത്ത്, 75 ജില്ലകളിൽ നിന്നായി 22,500 കർഷകരെ പങ്കെടുപ്പിച്ച് മഹാസമ്മേളനം നടത്തുമെന്നും അഖിലേഷ് ശുക്ല പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)