ചരിത്രം കുറിച്ച് ബുംറ; ടെസ്റ്റ് റാങ്കിങ്ങില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്റോടെ ഒന്നാം സ്ഥാനം
ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒരു ചരിത്രനേട്ടം സ്വന്തമാക്കി ബുംറ. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസ് ബൗളർമാരിൽ ഒരാളായ ബുംറ ഐസിസി ടെസ്റ്റ് റാങ്കിങില്‍ രവിചന്ദ്രന്‍ അശ്വിന്റെ റെക്കോർഡ് മറികടന്നു. ഒരു ഇന്ത്യന്‍ ബൗളര്‍ നേടിയ എക്കാലത്തെയും ഉയര്‍ന്ന റേറ്റിംഗ് പോയിന്റോടെ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ബുംറ.
30 വിക്കറ്റുകളോടെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ബുംറ. ഇപ്പോൾ 907 റേറ്റിങ് പോയിന്റോടെയാണ് ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇതു വരെ ടെസ്റ്റ് റാങ്കിങ്ങിൽ ഒരു ഇന്ത്യൻ ബോളർ നേടിയ ഉയർന്ന റേറ്റിങ് പോയിന്റ് 904 ആയിരുന്നു. അശ്വിനാണ് ഈ നേട്ടത്തിന്റെ ഉടമ. ഇപ്പോൾ അശ്വിനെ മറികടന്ന് ചരിത്രം കുറിച്ചിരിക്കുകയാണ് ബുംറ.
2024ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 13 കളികളിൽ നിന്ന് 71 വിക്കറ്റുകളാണ് ബുംറ പിഴുതെടുത്തത്. 2024ല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും ബുംറയാണ്.
ഒരു നൂറ്റാണ്ട് മുമ്പ് കളിച്ച ഇംഗ്ലണ്ട് സീമര്‍മാരായ സിഡ്നി ബാണ്‍സ് (932), ജോര്‍ജ്ജ് ലോഹ്‌മാന്‍ (931) എന്നിവരാണ് റേറ്റിങ് പോയിന്റിൽ ഒന്നാം സ്ഥാനത്തുള്ള കളിക്കാർ. ഇമ്രാന്‍ ഖാന്‍ (922), മുത്തയ്യ മുരളീധരന്‍ (920) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. റേറ്റിങ് പോയിന്റിൽ ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നര്‍ ഡെറക് അണ്ടര്‍വുഡിനൊപ്പം 17-ാം സ്ഥാനത്താണ് ബുംറയുള്ളത്.
ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡാണ് ടെസ്റ്റ് റാങ്കിൽ രണ്ടാം സ്ഥാനത്തുള്ളത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് മൂന്നാം സ്ഥാനത്തുണ്ട്. റാങ്കിങ്ങില്‍ പത്താം സ്ഥാനത്തുള്ള ജഡേജയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബോളർ.
കഗിസോ റബാഡ, മാര്‍ക്കോ യാന്‍സന്‍, മാറ്റ് ഹെന്‍ റി, നതാന്‍ ലയണ്‍, പ്രഭാത് ജയസൂര്യ, നൊമാന്‍ അലി എന്നിവരാണ് നാല് മുതൽ ഒൻപത് വരെ സ്ഥാനങ്ങളിലുള്ള മറ്റ് ബോളർമാർ.
ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ രവീന്ദ്ര ജഡേജയാണ് ഒന്നാം സ്ഥാനത്തുള്ളത്. പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത് അക്ഷർപട്ടേലുമുണ്ട്. വിരമിച്ചതിനാൽ ആർ അശ്വിനെ റാങ്കിങ്ങിലേക്ക് പരിഗണിച്ചിട്ടില്ല
© Copyright - MTV News Kerala 2021
View Comments (0)