
‘ഞങ്ങൾക്ക് പഠിക്കണം, അധ്യാപകരെ തരൂ’…മെഡിക്കൽ കോളേജ് ലാബ് ടെക്നോളജി വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്
കോഴിക്കോട് : അധ്യാപകനെ തരൂവെന്ന മുദ്രാവാക്യമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബ് ടെക്നോളജി വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്. 230 വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മൂന്ന് അധ്യാപകര്‍ മാത്രമാണ് ആകെയുള്ളത്. പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്ക് നേടി എം എല്‍ ടിക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളാണ് പഠനം മുന്നോട്ടു കൊണ്ടുപോകാനാകാതെ വിഷമിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബി എസ് സി മെഡിക്കല്‍ ലാബോട്ടറി ടെക്നോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് സമരത്തിനിറങ്ങുന്നത്. ആരോഗ്യ വകുപ്പിന്‍റെ അനാസ്ഥ മൂലം സിലബസിന്‍റെ പകുതി പോലും പഠിപ്പിക്കാന്‍ ആളില്ലാത്തതിനാല്‍ നട്ടം തിരിയുകയാണ് വിദ്യാർത്ഥികൾ. സര്‍വകലാശാലാ മാനദണ്ഡമനുസരിച്ച് ബി എസ് സി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനായി 12 അധ്യപകര്‍ വേണം. ഇത്രയും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇവിടെയുള്ളത് 3 അധ്യാപകര്‍ മാത്രമാണ്. ഇതിന് പുറമേ 99 ഡിപ്ലോമ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടതും ഈ അധ്യാപകര്‍ തന്നെ. കഴിഞ്ഞ വര്‍ഷം വരെ അഞ്ച് അധ്യാപകരുണ്ടായിരുന്നെങ്കിലും 2 പേര്‍ വിരമിച്ചതോടെ ആ തസ്തികയിലും ആളില്ലാതായി.
6 ലാബുകള്‍ ആവശ്യമുള്ളിടത്ത് ഒറ്റ ലാബ് പോലും സ്വന്തമായില്ലാതെയാണ് ഇവരുടെ പഠനം. പ്രാക്ടിക്കല്‍ പരിശീലനത്തിന് എം ബി ബി എസ് വിദ്യാര്‍ത്ഥികളുടെ ലാബാണ് ആശ്രയം. 20,800 രൂപയോളം വാര്‍ഷിക ഫീസായി നല്‍കുന്നുണ്ട്. 2009ല്‍ തുടങ്ങിയ കോഴ്സിന് സ്വന്തമായി ഒരു ഡിപ്പാര്‍ട്ട്മെന്‍റ് പോലും നിലവിലില്ല. നിരവധി പരാതികള്‍ ആരോഗ്യ വകുപ്പിന് നല്‍കിയിട്ടുങ്കിലും അനക്കമില്ല. സഹികെട്ടാണ് ഇവര്‍ നാളെ സമരത്തിനിറങ്ങുന്നത്.
© Copyright - MTV News Kerala 2021
View Comments (0)