‘ടി പി രാമകൃഷ്ണൻ എൽ ഡി എഫ് കൺവീനർ’: എം വി ഗോവിന്ദൻമാസ്റ്റർ

MTV News 0
Share:
MTV News Kerala

സംസ്ഥാനത്തെ ഇടതുമുന്നണിയെ ഇനി കോഴിക്കോട്ടെ സിപിഐഎമ്മിന്‍റെ കരുത്തനായ നേതാവ് ടി പി രാമകൃഷ്ണൻ നയിക്കും. ടി പി രാമകൃഷ്ണൻ അടുത്ത എൽ ഡി എഫ് കൺവീനറാകുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സിപിഐഎം നേതൃത്വത്തിലേക്ക് പടിപടിയായി വളർന്ന രാഷ്ട്രീയ പാരമ്പര്യമാണ് ടി പി രാമകൃഷ്ണനുള്ളത്. ഇപ്പോൾ ഇടതുമുന്നണി നേതൃത്വത്തിലേക്കുള്ള ടി പി രാമകൃഷ്ണന്‍റെ വരവ് അദ്ദേഹത്തിന്‍റെ കരുത്തുറ്റ സംഘടനാപ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയാണ്.

1970 കളിൽ സി.പി.ഐ.എമ്മിന്റെ നമ്പ്രത്തുകര ബ്രാഞ്ച് കമ്മറ്റിയംഗമായാണ് ടി.പി. രാമകൃഷ്ണൻ പൊതു പ്രവർത്തനം തുടങ്ങിയത്. കീഴരിയൂർ ലോക്കൽ കമ്മറ്റിയംഗവും ചങ്ങരോത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായി പ്രവർത്തിച്ച ടി.പി. രാമകൃഷ്ണൻ പിന്നീട് പാർട്ടി പേരാമ്പ്ര, ബാലുശ്ശേരി എന്നീ ഏരിയാ കമ്മറ്റി സെക്രട്ടറിയായി. ഈ സമയത്ത് തന്നെ പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിൽ സി.ഐ.ടി.യു. യൂണിയൻ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.

കൊയിലാണ്ടി താലൂക്കിൽ ചെത്തു തൊഴിലാളി യൂണിയനും മദ്യവ്യവസായ തൊഴിലാളി യൂണിയനും സംഘടിപ്പിക്കുന്നത് നേതൃത്വം നൽകിയത് ടി പി രാമകൃഷ്ണനായിരുന്നു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ മികച്ച പ്രവർത്തന കാഴ്ചവെച്ച അദ്ദേഹം ഇപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റംഗമായി പ്രവർത്തിച്ചുവരികയായിരുന്നു.

ഒന്നാം പിണറായി സർക്കാരിൽ എക്സൈസ്-തൊഴിൽ വകുപ്പുകളുടെ ചുമത വഹിച്ചത് ടി പി രാമകൃഷ്ണനായിരുന്നു. ഈ സർക്കാരിന്റെ ആദ്യ വർഷം തന്നെ സംസ്ഥാന മിനിമം വേതന ഉപദേശക സമിതി പുന:സംഘടിപ്പിക്കുകയും വിവിധ മേഖലകളിൽ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കാനും മന്ത്രിയെന്ന നിലയിൽ ടി പി രാമകൃഷ്ണന്‍റെ ഇടപെടൽ സഹായിച്ചു.