
ടെറസിൽ ആസ്ബസ്റ്റോസ് മേൽക്കൂരയിട്ടുള്ള ട്യൂഷൻ വേണ്ട, നടപടികൾ കടുപ്പിക്കാൻ തീരുമാനം; ട്യൂഷൻ സെന്ററുകളിൽ പരിശോധന
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾ പൂട്ടാൻ ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ ചൊവ്വാഴ്ച ചേർന്ന യോഗം വാർഡ് തല ശിശുസംരക്ഷണ കമ്മിറ്റികൾ സജീവമാക്കാനും നിർദ്ദേശിച്ചു. വാർഡുതല സമിതികൾ യോഗം ചേർന്നു കുട്ടികളുടെ വൾനറബിലിറ്റി മാപ്പിങ് നടത്തണം. ഇതിനുപുറമേ സ്കൂൾ ജാഗ്രത സമിതികൾ യോഗം വിളിച്ച് കുട്ടികൾ ഉൾപ്പെടുന്ന ലഹരി, അക്രമ വിഷയങ്ങൾ ചർച്ച ചെയ്യണം. കുട്ടികൾ നേരിടുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ 1098 എന്ന ചൈൽഡ് ലൈൻ നമ്പർ വഴി അധികൃതരെ അറിയിക്കാം. ഇതിനായി 1098 എന്ന ചൈൽഡ്ലൈൻ നമ്പറും ഏതൊക്കെ വിഷയങ്ങളിൽ ചൈൽഡ്ലൈനിൽ വിളിക്കാമെന്നും അറിയിച്ചുള്ള വലിയ ബോർഡ് ജില്ലയിലെ എല്ലാ സർക്കാർ, എയിഡഡ്, അൺ എയിഡഡ്, സ്വകാര്യ സ്കൂളുകളിലും അംഗീകൃത ട്യൂഷൻ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കണം.
സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സ്വകാര്യ ഭേദമന്യേ എല്ലാ സ്കൂളുകളിലും കൗൺസിലർമാരെ നിർബന്ധമായും നിയമിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. പഞ്ചായത്ത് രാജ് ചട്ടമനുസരിച്ചു ട്യൂഷൻ കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യണം. എന്നാൽ ജില്ലയിൽ പല ട്യൂഷൻ കേന്ദ്രങ്ങളും രജിസ്ട്രേഷൻ ഇല്ലാതെ അനധികൃതമായാണ് പ്രവർത്തിക്കുന്നത്. ഇവിടെ കുട്ടികൾക്ക് ആവശ്യമായ മൂത്രപ്പുരയോ ഫാനോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടികാട്ടി.
© Copyright - MTV News Kerala 2021
View Comments (0)