ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: സോഫ്റ്റ്‌വെയർ എൻജിനീയറിൽ നിന്ന് തട്ടിയത് 11.8 കോടി രൂപ
ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബെംഗളൂരുവിലെ സോഫ്റ്റ് വെയർ എൻജിനീയറിന് നഷ്ടമായത് 11.8 കോടി രൂപ. കള്ളപ്പണം വെളുപ്പിക്കുന്നതിന് ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ കാർഡ് ഉപയോഗിച്ചെന്ന് കണ്ടെത്തിയെന്നു പറഞ്ഞാണ് 39 വയസ്സുകാരനായ എൻജിനീയറെ തട്ടിപ്പിനിരയാക്കിയത്. ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ യുവാവിനെ വിളിച്ചത്. നവംബർ 25 മുതൽ 12 വരെയാണ് തട്ടിപ്പ് നടത്തിയത്.
എൻജിനീയറുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള സിം കാർഡ് നിയമവിരുദ്ധ പരസ്യങ്ങൾക്കും ഉപദ്രവകരമായ സന്ദേശങ്ങൾ അയയ്ക്കാനും ഉപയോഗിച്ചുവെന്നും തട്ടിപ്പുകാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുംബൈ കൊളാബ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ടെന്നുമാണ് ഇയാൾ അറിയിച്ചത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് പറഞ്ഞ് മറ്റൊരു ഫോൺ കോളുമെത്തുകയായിരുന്നു. ആധാർ കാർഡ് കള്ളപ്പണം വെളുപ്പിക്കാനുള്ള ബാങ്ക് അക്കൗണ്ട് തുറക്കാൻ ഉപയോഗിച്ചുവെന്ന് പറഞ്ഞായിരുന്നു പൊലീസ് സ്റ്റേഷനിൽ നിന്ന് കോൾ വന്നത്. ഇക്കാര്യം രഹസ്യമായി വെയ്ക്കണമെന്നും വെർച്വൽ അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ നേരിട്ടെത്തി അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.
തുടർന്ന് വിഡിയോ കോളിനുള്ള ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിച്ചു. അത് അനുസരിച്ചതോടെ പൊലീസ് യൂണിഫോംമിൽ ഒരാൾ വിഡിയോ കോളിലെത്തുകയും എൻജിനിയറുടെ ആധാർ കാർഡുപയോഗിച്ച് ഒരു വ്യവസായി വ്യാജ ബാങ്ക് അകൗണ്ട് തുറന്ന് ആറ് കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു. പിന്നീട് നവംബർ 25 ന് വെരിഫിക്കേഷൻ നടപടികൾക്കുവേണ്ടിയെന്നു പറഞ്ഞ് ഏതാനും അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ ആവശ്യപ്പെട്ടു. പലതവണയായി 11.8 കോടിരൂപ എൻജിനീയർ തട്ടിപ്പുകാർക്ക് കൈമാറി. എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഇദ്ദേഹം പൊലീസിൽ വിവരമറിയിച്ചത്.
© Copyright - MTV News Kerala 2021
View Comments (0)