ഡിസിസി ട്രഷററുടെ മരണം; എംഎൽഎയും കോൺഗ്രസ് നേതാക്കളും ഒളിവിൽ, മുൻകൂർ ജാമ്യാപേക്ഷകൾ സമർപ്പിച്ചു

MTV News 0
Share:
MTV News Kerala

വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾ ഒളിവിലെന്ന് റിപ്പോർട്ട്. ഐ സി ബാലകൃഷ്ണനും, എൻ ഡി അപ്പച്ചനും രഹസ്യകേന്ദ്രത്തിലേക്ക് മാറി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ മാറി നിൽക്കാനാണ് ഇവർക്ക് കിട്ടിയ നിർദേശം.

പ്രധാന പ്രതികളായ മൂന്ന് നേതാക്കളും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റിന് ശ്രമിക്കില്ലെന്ന് പൊലീസും അറിയിച്ചു. ഡിസിസി പ്രസിഡന്റും എംഎല്‍എയും ഉള്‍പ്പെടെ ജില്ലയിലെ പ്രമുഖ നേതാക്കള്‍ ആത്മഹത്യാപ്രേരണ കേസില്‍ പ്രതികളായതോടെ വയനാട്ടില്‍ കോണ്‍ഗ്രസ് നേതൃത്വം ഗുരുതര പ്രതിസന്ധിയിലായിരിക്കുകയാണ്.

ഇത്രയധികം നേതാക്കള്‍ ഒന്നിച്ച് അതി ഗുരുതരമായ കുറ്റകൃത്യത്തില്‍ പ്രതിചേര്‍ക്കപ്പെടുന്നത് വയനാട്ടില്‍ ആദ്യമായാണ്. കോണ്‍ഗ്രസ് നേതാക്കളെ പ്രതികളായി ചേര്‍ത്ത് ഇന്നലെ രാവിലെ വിവരം പുറത്തുവന്നതോടെ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിലായി മൂന്നുപേരും. തിരുവനന്തപുരത്ത് എന്‍ ഡി അപ്പച്ചന്‍ ഇന്നലെ രാവിലെ മാധ്യമങ്ങളെ കണ്ട് രാഷ്ട്രീയ പകപോക്കല്‍ ആണെന്ന് പറഞ്ഞിരുന്നെങ്കിലും അതിനു പിന്നാലെ ജാമ്യം തേടി അവിടെനിന്ന് അപ്രത്യക്ഷനായി. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ തൃശ്ശൂരില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് രഹസ്യ കേന്ദ്രത്തിലേക്ക് മാറി.

കെ കെ ഗോപിനാഥന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്‍ ഡി അപ്പച്ചന്റെയും എംഎൽഎ ബാലകൃഷ്ണന്റെയും ജാമ്യാപേക്ഷ കല്‍പ്പറ്റ ജില്ലാ കോടതിയിലെത്തി. അതേസമയം കെ കെ ഗോപിനാഥൻ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയിലാണ് സമര്‍പ്പിച്ചത്. അതേസമയം ഹൈക്കോടതി കേസ് ഡയറി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ തിങ്കളാഴ്ച വാദം കേള്‍ക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ നേതാക്കളുടെ മൊബൈല്‍ ഫോണുകള്‍ എല്ലാം സ്വിച്ച് ഓഫ് ആണ്. ജാമ്യം ലഭിക്കാതെ വന്നാല്‍ നേതാക്കള്‍ റിമാന്‍ഡില്‍ പോകേണ്ടിവരും. അറസ്റ്റ് ഉണ്ടായാല്‍ തന്നെ വയനാട്ടില്‍ അത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുക മാത്രമല്ല കോണ്‍ഗ്രസിന് പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥ വരും.