ഡ്രൈവറുടെ അശ്രദ്ധ അപകടകാരണം’; സ്‌കൂള്‍ ബസിന് രേഖാപരമായി ഫിറ്റ്‌നസ് ഇല്ലെന്ന് എംവിഡി

MTV News 0
Share:
MTV News Kerala

കണ്ണൂർ: വളക്കൈയിൽ ഒരു വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ സ്കൂൾ ബസ് അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയെന്ന് എംവിഡി ഉദ്യോ​ഗസ്ഥൻ റിയാസ് എംടി. വാഹനത്തിന് രേഖാപരമായി ഫിറ്റ്നസ് ഇല്ല. ബ്രേക്കിന് പ്രശ്നങ്ങളുള്ളതായി പ്രാഥമിക വിവരമില്ലെന്നും എംവിഡി പറഞ്ഞു.

വാഹനത്തിന് 14 വർഷത്തെ പഴക്കമുണ്ടെന്നും എംവിഡി ഉദ്യോ​ഗസ്ഥൻ പറഞ്ഞു. വാഹനം ഓടിച്ചത് അമിത വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു ഡ്രൈവർ നിസാമിന്റെ പ്രതികരണം. ബസ് അമിതവേ​ഗതയിലായിരുന്നില്ലെന്ന് ബസിലുണ്ടായിരുന്ന ആയ സുലോചനയും പറഞ്ഞിരുന്നു.

ഇന്ന് വൈകീട്ടോടെയായിരുന്നു കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടത്. കുറുമാത്തൂർ ചിന്മയ സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ നേദ്യയാണ് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മൂന്ന് തവണയോളം മലക്കംമറിഞ്ഞാണ് റോഡിലേക്ക് പതിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബസിനടിയിലേക്ക് ഒരു കുട്ടി തെറിച്ചുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റ കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.