ദുരന്തത്തെ ധീരമായി ഒന്നിച്ച് നേരിട്ട ജനതയ്ക്ക് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആദരം; ടിഎൻജി പുരസ്കാരം സമ്മാനിച്ചു

MTV News 0
Share:
MTV News Kerala

കൽപ്പറ്റ: ഏഷ്യാനെറ്റ് ന്യൂസ്, എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ടിഎൻ ഗോപകുമാറിന്‍റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ടിഎന്‍ജി പുരസ്‌കാരം സമ്മാനിച്ചു. ചൂരൽമല, മുണ്ടക്കൈ ദുരന്തങ്ങളിലെ രക്ഷാപ്രവർത്തകർക്കും ദുരന്തത്തെ ധീരമായി നേരിട്ട ജനതയ്ക്കുമായിരുന്നു ഈ വർഷത്തെ ടിഎൻജി പുരസ്കാരങ്ങൾ. വയനാട് മേപ്പാടിയിൽ നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും അവസാനത്തെയാളെയും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

മഹാദുരന്തത്തിൽ അകപ്പെട്ടു പോയവരുടെ ഓർമ്മകളും അചഞ്ചലമായ സഹജീവി സ്നേഹത്തിന്‍റെ ഉജ്വല മാതൃകകളും അതിജീവനത്തിന്റെ തോൽക്കാത്ത പോരാട്ടം നയിക്കുന്നവരെയും സാക്ഷിയാക്കിയാണ് ടിഎൻജി പുരസ്‌കാരം സമർപ്പിച്ചത്. മാധ്യമങ്ങള്‍ പറയാന്‍ ഭയപ്പെട്ടിരുന്ന കാര്യങ്ങളെ സധൈര്യം, നിര്‍ഭയമായി പൊതുസമൂഹത്തിന് മുന്നില്‍ വിളിച്ചുപറഞ്ഞ മാധ്യമപ്രവര്‍ത്തകനായിരുന്നു ടിഎന്‍ ഗോപകുമാറെന്ന് മന്ത്രി കെ രാജന്‍ അനുസ്മരിച്ചു. വയനാട്ടിലെ അവസാന ദുരിതബാധിതനെയും പുനരധിവസിപ്പിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. പുനരധിവാസത്തിന് പ്രതിപക്ഷം ഒപ്പമുണ്ടാകുമെന്നായിരുന്നു ടി സിദ്ദിഖ് എംഎല്‍എയുടെ വാക്കുകൾ.

അതിജീവനത്തിന്‍റെ പ്രതീകമായി മാറിയ ആറ് വ്യക്തികള്‍ക്കും നാല് സംഘടനകള്‍ക്കും പുരസ്കാരം നല്‍കിയായിരുന്നു ഏഷ്യാനെറ്റിൻ്റെ ആദരം. സഹജീവികള്‍ക്കായി സ്വജീവന്‍ നല്‍കിയ പ്രജീഷ്, ദുരന്തത്തിന്‍റെ വ്യാപ്തി ശബ്ദത്തിലൂടെ അറിയിച്ച് മരണത്തിലേക്ക് മറഞ്ഞ നീതു, അവിശ്വസനീയമാം വിധം ജീവിതത്തിലേക്ക് തിരികെയെത്തിയ ഹാനി, നൂറിലേറെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ പൊതുപ്രവർത്തക ഷൈജ,
ദുരന്തത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷി മുബീന, അതിസാഹസികമായി കുട്ടികളെ രക്ഷിച്ച വനം വകുപ്പ് ജീവനക്കാരന്‍ അനൂപ്, വര്‍ഷങ്ങളായി ചൂരല്‍മല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചൂരല്‍മല കാരുണ്യ റെസ്ക്യൂ, ദുരന്തഭൂമിയിലേക്ക് ആദ്യം പാഞ്ഞെത്തിയ ജീപ്പ് ഡ്രൈവര്‍മാര്‍ 900 കണ്ടി ഡ്രൈവേഴ്സ് എന്നിവരും അതിജീവനത്തിന്‍റെ മഹാമാതൃകയായി മാറിയ വെള്ളാര്‍മല സ്കൂള്‍ പിടിഎയും മുണ്ടക്കൈ സ്കൂള്‍ പിടിഎയും പുരസ്കാരത്തിന് അര്‍ഹരായി

ദുരന്തഭൂമിയില്‍ സ്തുത്യര്‍ഹ സേവനം നടത്തിയവര്‍ക്ക് പ്രത്യേക ആദരം നല്‍കി. ചൂരല്‍മല വാര്‍ഡ് അംഗം നൂറുദ്ദീന്‍, അട്ടമല വാര്‍ഡ് അംഗം സുകുമാരന്‍, മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് ബാബു, ജനകീയ ആക്ഷന്‍ കമ്മറ്റി, ജനശബ്ദം ആക്ഷന്‍ കമ്മിറ്റി എന്നിവരെയും ആദരിച്ചു. ടി. സിദ്ദിഖ് എംഎൽഎ, എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ, ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ തുടങ്ങിയവർ പങ്കെടുത്തു. മാധ്യമപ്രവര്‍ത്തകര്‍ എങ്ങനെയായിരിക്കണം എന്നതിന്‍റെ ഉത്തമ ഉദാഹരണമായിരുന്നു ടിഎന്‍ജിയെന്ന് വിനു വി ജോണ്‍ അനുസ്മരിച്ചു. സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍ ടിഎന്‍ജി അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിന് മാറ്റുകൂട്ടി നമ്രത ഒതയോത്തിന്‍റെ സംഗീതസന്ധ്യയു അരങ്ങേറി.