നവീൻ ബാബുവിന്റെ മരണം; അടിവസ്ത്രത്തിൽ രക്തക്കറയെന്ന് പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്
പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നുവെന്ന് പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് രക്തക്കറയെക്കുറിച്ചുളള പരാമർശമുള്ളത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പൊലീസ് എഫ്ഐആറിലും അങ്ങനെയൊരു പരാമർശമോ കണ്ടെത്തലോ ഇല്ല. ഇതോടെ നവീൻ ബാബുവിന്റെ മരണത്തിലുള്ള ദുരൂഹത ആരോപിച്ച കുടുംബത്തിൻ്റെ ആശങ്ക കൂടുതൽ ശക്തമാകുകയാണ്.
മരിച്ച നിലയിൽ കാണപ്പെട്ട കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ പൂർണ്ണ ഉള്ളടക്കം റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. നവീൻ ബാബുവിൻ്റേത് തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ശരീരത്തിൽ പരിക്കുകളില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. തലയോട്ടിക്ക് പരിക്കില്ലെന്നും വാരിയെല്ലുകൾക്ക് ക്ഷതമില്ലെന്നും റിപ്പോർട്ട് പറയുന്നു. ഇടത് ശ്വാസകോശത്തിൻ്റെ മുകൾഭാഗം നെഞ്ചിൻ്റെ ഭിത്തിയോട് ചേർന്ന നിലയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പേശികൾക്കും പ്രധാന രക്തക്കുഴലുകൾക്ക് പരിക്കില്ല. തരുണാസ്ഥി, കശേരുക്കൾ എന്നിവയ്ക്കും പരിക്കില്ലെന്നും അന്നനാളം സാധാരണ നിലയിലായിരുന്നവെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)