നഷ്ടപ്പെട്ടത് 44 ലക്ഷം, യുഎസ് തടവിലെ പീഡനങ്ങള്‍ സഹിച്ചു; പഞ്ചാബ് സ്വദേശിയുടെ അനുഭവം ഇങ്ങനെ

MTV News 0
Share:
MTV News Kerala

അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരില്‍ പലരും നേരിട്ടത് ക്രൂരമായ പീഡനങ്ങളാണ്. അതിലൊരാളാണ് പഞ്ചാബ് സ്വദേശിയായ ജസ്വീന്ദര്‍ സിംഗ്. ഹൃദ്രോഗിയായ അച്ഛനാണ് ജസ്വീന്ദറിനുള്ളത്. അമേരിക്കയിലെത്തി പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സിംഗ് ലക്ഷങ്ങള്‍ ചെലവഴിച്ചത്. പക്ഷേ യുഎസിന്റെ തടവില്‍ കഴിയേണ്ടി വന്നത് ഇരുപത് ദിവസമാണ്.

ഏജന്റിന്റെ പ്രലോഭനത്തില്‍പ്പെട്ടു പോയ സിംഗ് രണ്ട് മുറി വീട് പണയപ്പെടുത്തി, വരുമാന മാര്‍ഗമായ എരുമകളെ വിറ്റു, ഒരേക്കല്‍ സ്ഥലം വിറ്റു. അങ്ങനെ സമ്പാദിച്ച നാല്‍പ്പത്തിനാല് ലക്ഷം രൂപയാണ് ഏജന്റിന് നല്‍കിയത്. എന്നാല്‍ മെക്‌സിക്കന്‍ അതിര്‍ത്തി കടന്നപ്പോഴെ യുഎസ് പൊലീസിന്റെ പിടിയിലായി. പഞ്ചാബ് മോഗ സ്വദേശിയായ സിംഗിന്റെ തലപ്പാവ് അവര്‍ അഴിയിപ്പിച്ചു. വിവസ്ത്രനാക്കി. ഒരു ടീ ഷര്‍ട്ടും ലോവറും നല്‍കി. ടര്‍ബന്‍ തിരികെ ചോദിച്ചപ്പോള്‍ നിങ്ങള്‍ അതില്‍ തൂങ്ങിയാല്‍ എന്ത് ചെയ്യുമെന്ന ചോദ്യമാണ് സിംഗ് നേരിടേണ്ടി വന്നത്.

ലേയ്‌സും ചെറിയ കുപ്പി ജ്യൂസും മാത്രം കഴിച്ച് ജീവിച്ച നാളുകള്‍. നാടുവിട്ട് പ്രതീക്ഷയോടെ എത്തിയ ഇടത്ത് നിന്നും നേരിട്ടത് ഒരിക്കലും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളെ. തിരികെ അയക്കുമ്പോള്‍, വിമാനത്തിലും അപമാനിക്കപ്പെട്ടു. ഭക്ഷണം നല്‍കിയപ്പോഴും കൈയിലെയും കാലിലെയും ചങ്ങല അഴിച്ചില്ല. സൈനിക വിമാനത്തിലെ കൊടും തണുപ്പിലും പുതയ്ക്കാന്‍ നല്‍കിയത് പ്ലാസ്റ്റിക്ക് ഷീട്ട്. ഇത് സിംഗിന്റെ മാത്രം അനുഭവമല്ല. ഇത്തരത്തില്‍ മടക്കി അയക്കപ്പെട്ട പലരും അനുഭവിച്ചത് വലിയ ക്രൂരതയാണ്.