തിരുവനന്തപുരം: ഇടുക്കിയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ സാബു തോമസിന്റെ നിക്ഷേപ തുക പൂര്‍ണ്ണമായും കുടുംബത്തിന് കൈമാറി ബാങ്ക്. നിക്ഷേപ തുകയും പലിശയും അടക്കം 14,59,944 രൂപയാണ് ബാങ്ക് കൈമാറിയത്. ബാങ്ക് ബോര്‍ഡ് മെമ്പര്‍ കെഎം ചന്ദ്രന്‍, സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലയുള്ള സന്ധ്യ എന്നിവരുടെ നേതൃത്വത്തില്‍ സാബുവിന്റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. തുക പൂര്‍ണമായും കുടുംബത്തിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുകയായിരുന്നു.
അതിനിടെ ജീവനൊടുക്കിയ തോമസിനെ അധിക്ഷേപിച്ച് എംഎം മണി എംഎല്‍എ രംഗത്തെത്തി. സാബുവിന് എന്തെങ്കിലും മാനസിക പ്രശ്‌നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും അതിന്റെ പാപഭാരം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും എംഎം മണി പറഞ്ഞു. കട്ടപ്പന റൂറല്‍ ഡവലപ്പ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യവെയാണ് പരാമര്‍ശം.
കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ ജീവനൊടുക്കിയത്. സാബുവിന്റെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്നും നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ആരോപിക്കുന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. തന്റെ സമ്പാദ്യം മുഴുവനും ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്നും കത്തില്‍ ആരോപിച്ചിരുന്നു. അതിനിടെ സാബുവിനെ സിപിഐഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഭീഷണി സന്ദേശവും പുറത്ത് വന്നിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)