നിയമനത്തിന് കോഴ നൽകി; അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ നിർണായക മൊഴി

MTV News 0
Share:
MTV News Kerala

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിൽ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ നിർണായക മൊഴി. അലീന ബെന്നി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കളുടെ മൊഴി ലഭിച്ചു. നിയമനത്തിന് കോഴ നൽകിയെന്നാണ് മൊഴി. അലീനയുടെ മാതാപിതാക്കൾ, സഹോദരിമാർ എന്നിവരുടെ മൊഴിയാണ് താമരശേരി പൊലീസ് രേഖപ്പെടുത്തിയത്.

അഞ്ചു വർഷമായിട്ടും ഒരു ശമ്പളവും കിട്ടാത്തത് മനസിക പ്രശ്നങ്ങൾക്ക് ഇടയാക്കി എന്നും പോലീസിന് വിവരം ലഭിച്ചു. ഒഴിവില്ലാത്ത സ്‌കൂളിലേക്കായിരുന്നു ആദ്യം നിയമനം ലഭിച്ചത്. പിന്നീട് ഈ സ്‌കൂളില്‍ നിന്ന് മറ്റൊരു സ്‌കൂളിലേക്ക് മാറ്റിയിരുന്നു. ഈ മാറ്റത്തിനിടെയുള്ള അഞ്ചു വര്‍ഷക്കാലം ജീവനൊടുക്കിയ അധ്യാപികയ്ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഇത് മാനിസിക പ്രയാസത്തിനിടയാക്കിയെന്നാണ് വിവരം. 13 ലക്ഷം രൂപ നിയമനത്തിനായി കോഴ നല്‍കിയെന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതരുടെ മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും.

അധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യയിൽ മാനേജ്മെന്റിനും വിദ്യാഭ്യാസ വകുപ്പിനും എതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സ്കൂൾ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി അലീനയുടെ കുടുംബം രംഗത്തെത്തിയിരുന്നു. നാലു വർഷം കട്ടിപ്പാറ ഹോളി ഫാമിലി എൽ പി സ്കൂളിലും ഒരു വർഷം സെൻ്റ് ജോസഫ് സ്കൂളിലും ജോലി ചെയ്തു. ഒരു രൂപ പോലും ശമ്പളം ലഭിച്ചില്ലെന്ന് അലീനയുടെ പിതാവ് പറഞ്ഞിരുന്നു.