‘നിസാം അങ്കിളായിരുന്നു ഡ്രൈവർ, എപ്പോഴും സ്പീഡിലാണ് വണ്ടി എടുക്കാറ്’; വളക്കൈ അപകടത്തിൽ രക്ഷപ്പെട്ട കുട്ടി

MTV News 0
Share:
MTV News Kerala

കണ്ണൂർ: കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ബസ് അമിതവേ​ഗതയിലായിരുന്നുവെന്ന് രക്ഷപ്പെട്ട വിദ്യാർത്ഥിനി പറഞ്ഞു. ഇടയ്ക്ക് വരാറുള്ള ഡ്രൈവറാണ് വണ്ടിയോടിച്ചത്. സ്പീഡിലായിരുന്നു ബസ് പോയിരുന്നതെന്നും പെട്ടെന്ന് കുന്നിന് മുകളിൽ വെച്ച് താഴേയ്ക്ക് പതിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥിനി പറഞ്ഞു. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയ്ക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്.

‘സ്പീഡിലാണ് പോയത്. ആ സമയത്ത് പെട്ടെന്ന് കുന്നിന്റെ അടുത്ത് എത്തിയപ്പോഴാണ് ബസ് മറിഞ്ഞത്. സ്പീഡിലാണ് എപ്പോഴും എടുക്കാറുള്ളത്. അഞ്ച്, ആറ് ക്ലാസിലെ കുട്ടികളാണ് ബാക്കിയുള്ളവർ. വേറെ ഒരു ഡ്രൈവറുണ്ട്. ആ ചേട്ടൻ പതിയെ പോകാറുള്ളൂ. നിസാം അങ്കിളാണ് വണ്ടിയോടിച്ചത്’, കുട്ടി പറഞ്ഞു. ബസിൽ ആയയുണ്ടായിരുന്നുവെന്നും കുട്ടി പറഞ്ഞു.

എന്നാൽ അപകടത്തിന് കാരണം ബ്രേക്ക് നഷ്ടപ്പെട്ടതെന്ന് ഡ്രൈവർ. നാല് മാസത്തോളമായി ഈ ബസിൽ ഡ്രൈവറായി പോകുന്നുണ്ട്. വളവ് തിരിയുന്നതിനിടെ പെട്ടെന്ന് ബ്രേക്ക് പോയി. കടയിലേക്ക് ഇടിച്ചുകയറ്റാനാണ് ശ്രമിച്ചത്. എന്നാൽ സാധിച്ചില്ലെന്നും ഡ്രൈവർ നിസാം റിപ്പോർട്ടറിനോട് പറഞ്ഞു.

‘വലിയ വളവായിരുന്നു മുൻപിലുള്ളത്. മുകളിൽ നിന്ന് തന്നെ ബ്രേക്ക് പോയി. പിന്നെ ഒന്നും ചെയ്യാനുണ്ടായില്ല. പരമാവധി ശ്രമിച്ചു. അപ്പോഴേക്കും വണ്ടി താഴ്ചയിലേക്ക് പോയി. കടയുടെ ഭാ​ഗത്തേക്ക് അടുപ്പിക്കാനാണ് ആദ്യം നോക്കിയത്. പക്ഷേ കിട്ടിയില്ല. വണ്ടി സ്ലിപ് ആയി പോകുന്നുണ്ടായിരുന്നു. ഡോർ ഒക്കെ അടച്ചിരുന്നു. ഒരു കുട്ടി മാത്രം വണ്ടിയുടെ അടിയിലായിരുന്നുവെന്ന് പറഞ്ഞു. അതെങ്ങനെ സംഭവിച്ചു എന്ന് അറിയില്ല. നാല് മാസത്തോളമായി സ്കൂളിൽ ഡ്രൈവറായി പോകുന്നുണ്ട്’, നിസാം റിപ്പോർട്ടറിനോട് പറഞ്ഞു.

അതേസമയം ബസ് അമിതവേ​ഗതയിലായിരുന്നില്ലെന്ന് ബസിലുണ്ടായിരുന്ന ആയ സുലോചന പറഞ്ഞു. എന്തോ പൊട്ടുന്ന ശബ്ദം കേട്ടെന്നും പിന്നാലെ ബസ് മറിയുകയായിരുന്നുവെന്നും ആയ പറഞ്ഞു. ‘ഇറക്കം ഇറങ്ങുന്നതിനിടെ എന്തോ പൊട്ടുന്ന ശബ്ദം കേട്ടു. പിന്നെ അവന് ചവിട്ടിയിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. ബ്രേക്ക് പൊട്ടിയതാകും എന്ന് തോന്നുന്നു. 20ഓളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ആറോളം പേരെ ഇറക്കി പോകുന്ന വഴിയായിരുന്നു. ഡ്രൈവർ മൂന്ന് മാസത്തോളമായി ബസിലുണ്ട്. സ്പീഡിൽ പോകാറില്ലെന്നും ആയ റിപ്പോർട്ടറിനോട് പറഞ്ഞു.

ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞ ബസിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥി അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. കുറുമാത്തൂർ ചിന്മയ സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്കൂൾ ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മൂന്ന് തവണയോളം മലക്കംമറിഞ്ഞാണ് റോഡിലേക്ക് പതിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. ബസിനടിയിലേക്ക് ഒരു കുട്ടി തെറിച്ചുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റ കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.