നെയ്യാറ്റിൻകര സമാധിക്കേസ്: മൊഴികളിലെ വൈരുദ്ധ്യം അടക്കം അടിമുടി ദൂരുഹത; കല്ലറ തുറക്കാൻ കാത്ത് പൊലീസ്

MTV News 0
Share:
MTV News Kerala

നെയ്യാറ്റിൻകര സമാധിക്കേസിൽ സമഗ്ര അന്വേഷണം നടത്താൻ പൊലീസ്. ബന്ധുക്കളുടെയും നാട്ടുകാരുടേയും മൊഴികളിലെ വൈരുദ്ധ്യം അടക്കം അടിമുടി ദൂരുഹത നിലനിക്കെയാണ് സമഗ്ര അന്വേഷണത്തിനുള്ള പൊലീസ് തീരുമാനം. അതേസമയം കല്ലറ തുറന്ന് പരിശോധിക്കണമെന്ന ആവശ്യത്തിൽ തഹസിൽദാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക.

നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ രാജസേനൻ പറയുന്നത്. എന്നാൽ ഗോപൻ സ്വാമി അതീവ ഗുരുതാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്‍റെ മൊഴി.

വീട്ടുകാരിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്. ഗോപൻസ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്. മരിച്ച ശേഷം കല്ലറയിലിരുത്തി സമാധിയാക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. കല്ലറ തുറന്ന് ശരീരം പുറത്തെടുത്ത് പരിശോധന നടത്തണമെന്നാണ് പൊലീസ് ആവശ്യം. തീരുമാനം എടുക്കാൻ കളക്ടർ സബ്കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കല്ലറ തുറക്കേണ്ട സാഹചര്യം എന്താണെന്ന് വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് സബ് കളക്ടർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നെയ്യാറ്റിൻകര തഹസിൽദാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു രണ്ടും കിട്ടുന്ന മുറയ്ക്കായിരിക്കും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. കല്ലറ തുറക്കാനാണ് തീരുമാനം എങ്കിൽ ആര്‍ഡിഒയുടെ സാന്നിധ്യത്തിൽ പൊലീസ് സര്‍ജനും ഫോറൻസിക് വിദഗ്ധരും അടങ്ങുന്ന സംഘത്തെയും നിയോഗിക്കും. തീരുമാനം നാളെ വൈകീട്ടോടു കൂടി മാത്രമെ ഉണ്ടാകാനിടയുള്ളു എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.