
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് മാവൂര്‍ ഗ്രാമപഞ്ചായത്ത് വികസ സദസ്സ്. മാവൂര്‍ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലക്ക് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് നടത്തുന്നതെന്നും സര്‍ക്കാര്‍ നടപ്പാക്കുന്ന സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ്, ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ ശ്രദ്ധേയമാണെന്നും എംഎല്‍എ പറഞ്ഞു.
വികസന വീഡിയോ പ്രദര്‍ശനം, ഗ്രാമപഞ്ചായത്തിന്റെ ഭരണ നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശനം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വീഡിയോ സന്ദേശം എന്നിവയും ഉണ്ടായി. തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ അവതരിപ്പിച്ചു.
ഗ്രാസിം ഫാക്ടറിയുടെ സ്ഥലത്ത് പുതിയ വ്യവസായം ആരംഭിക്കാന്‍ മുന്‍കൈയെടുക്കുക, കാര്‍ഷിക മേഖലക്ക് ശക്തി പകരാന്‍ പഞ്ചായത്തിലെ ചതുപ്പുനിലങ്ങള്‍ കൃഷിയോഗ്യമാക്കുക, ചെറൂപ്പ സി.എച്ച്.സിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുക, ടൂറിസം മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക, വയോജന സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക, പഞ്ചായത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുക, റോഡ് നവീകരണം കാര്യക്ഷമമാക്കുക, പട്ടികജാതി ഉന്നതികളിലെ പശ്ചാത്തല വികസനം ഉപ്പുവരുത്തുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ റസാഖ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഫാത്തിമ ഉണിക്കൂര്, സ്ഥിരം സമിതി അധ്യക്ഷരായ ടി രഞ്ജിത്ത്, ശുഭ ശൈലേന്ദ്രന്, അബ്ദുല്‍ ഖാദര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി പി മാധവന്, രജിത സത്യന്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി എം വിനോദ് കുമാര്‍, റിസോഴ്സ് പേഴ്സണ്‍ പി കെ രഞ്ജിഷ് എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
നടപ്പാക്കിയത് മാതൃകാ വികസന പ്രവര്‍ത്തനങ്ങള്‍
മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടപ്പാക്കിയത് മാതൃകാ വികസന പ്രവര്‍ത്തനങ്ങള്‍. ഒമ്പത് കോടിയലധികം രൂപ ചെലവിട്ട് വിവിധ ഭവന പദ്ധതികളിലായി 316 പേര്‍ക്കാണ് വീട് നല്‍കിയത്. എസ് സി വിഭാഗത്തിലെ ഭൂമിയുള്ള ഭവനരഹിതരായ അര്‍ഹതപ്പെട്ട മുഴുവനാളുകള്‍ക്കും വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചു. ജനറല്‍ വിഭാഗത്തിലെ രേഖകള്‍ ഹാജരാക്കിയ മുഴുവന്‍ പേര്‍ക്കും വീട് നിര്‍മാണത്തിന് നടപടി സ്വീകരിച്ചു. ഭൂരഹിത ഭവനരഹിതര്‍ക്ക് ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള ഭൂമി വിതരണം ചെയ്തു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയിലൂടെ 74 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കി.
മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാന്‍ രണ്ട് എം.സി.എഫുകളാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. 37 അംഗങ്ങളടങ്ങിയ ഹരിത കര്‍മസേന മാലിന്യം തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നു. പൊതുകിണറുകളുടെ പുനരുദ്ധാരണം, കുളങ്ങളും തോടുകളും സൈഡ് കെട്ടി നവീകരണം തുടങ്ങിയവയും നടപ്പാക്കി.
ചെറുപുഴയോട് ചേര്‍ന്ന് വില്ലേരിതാഴത്ത് 2.8 ഏക്കറിലുള്ള ഗ്രാമവനം ഇക്കോടൂറിസത്തിന് അനന്ത സാധ്യതകള്‍ തുറന്നിടുന്നു. 27 തരം വൃക്ഷങ്ങള്ക്കൊണ്ട് സജ്ജമാക്കിയ നക്ഷത്രവനം പ്രത്യേക പരിഗണന നല്കി സംരക്ഷിക്കുന്നു. സ്വാന്തന പരിപരണത്തിന്റെ ഭാഗമായി അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍ക്ക് വിപുലമായ പാലിയേറ്റീവ് സൗകര്യങ്ങള്‍ ഗ്രാമപഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.
© Copyright - MTV News Kerala 2021




View Comments (0)