പഞ്ചാരകൊല്ലിയിലെ കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഉത്തരവ്

MTV News 0
Share:
MTV News Kerala

വയനാട് പഞ്ചാര കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ എസ്ഒപി പ്രകാരം പ്രത്യേക സമിതി രൂപീകരിച്ചു കൊണ്ട്‌ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ സമിതി യോഗം ചേര്‍ന്ന്‌ ശുപാര്‍ശ ചെയ്തത് കണക്കിലെടുത്ത് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. എസ്ഒപി പ്രകാരമുള്ള മറ്റ് നടപടി ക്രമങ്ങള്‍ പാലിച്ച് തുടര്‍ നടപടികള്‍ എടുത്ത് വരികയാണ്.

അതേസമയം മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാര കൊല്ലിയിൽ നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎൻഎസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കടുവയുടെ സാന്നിധ്യത്തെ തുടർന്നാണ് നടപടി.

പഞ്ചാരക്കൊല്ലിയി ഇന്ന് തോട്ടം തൊഴിലാളി കടുവയുടെ ആക്രമണത്തിൽ മരിച്ചിരുന്നു. വനം വകുപ്പ്‌ താൽക്കാലിക വാച്ചർ അച്ചപ്പന്റെ ഭാര്യ രാധയാണ്‌ മരിച്ചത്‌.ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്.തോട്ടത്തിൽ കാപ്പി പറിക്കാൻ പോയതാണ് രാവിലെ. ഇന്ന് രാവിലെയാണ് കടുവ ആക്രമണം ഉണ്ടായത്. ​ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. പരിശോധന നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.